Connect with us

Hi, what are you looking for?

Film News

സംഭവം സത്യമാണ്, റിയാലിറ്റി ഷോയില്‍ നിന്ന് സിനിമയിലെത്തിയ വിന്‍സി ഇനി ബോളിവുഡില്‍

നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ താരമാണ് വിന്‍സി അലോഷ്യസ്. പിന്നീട് വിന്‍സി സിനിമയിലെത്തി. സൗബിന്‍ ഷാഹിര്‍ നായക വേഷത്തിലെത്തിയ വികൃതിയില്‍ സീനത്ത് എന്ന കഥാപാത്രമായാണ് നടി എത്തിയത്. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കുകയാണ്. ഷെയ്‌സണ്‍ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ മുഖ്യവേഷത്തിലാണ് താരം എത്തുന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്.

മലയാളി കഥാപാത്രമായാണ് വിന്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ 95 ശതമാനം ഡയലോഗും ഹിന്ദിയാണെന്നും അതിനാല്‍ ഭാഷ പഠിക്കുക എന്നത് വെല്ലുവിളിയായിരുന്നു എന്നും നടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മുംബൈയിലും പൂനൈയിലുമായിട്ടായിരുന്നു ഷൂട്ടിങ് നടന്നതെന്നും വിന്‍സി വ്യക്തമാക്കി. സംവിധായകന്‍ ഷെയ്‌സണ്‍ മലയാളിയാണ്.

‘ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം സര്‍ ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ. അദ്ദേഹമാണ് ക്യാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ വലിയ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഷാരൂഖ് ഖാന്റെ സ്വദേശ് പോലുള്ള സിനിമകള്‍ക്ക് ക്യാമറ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും വിന്‍സി പറഞ്ഞു.

‘ആദിവാസി പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ചയാകുന്ന സിനിമയാണ് ‘ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്’. ഇതൊരു ജീവചരിത്രസംബന്ധിയായ സിനിമ കൂടിയാണ്. തിയറ്റര്‍ റിലീസ് ആണോ ഒടിടി ആണോ എന്നു പറയാറായിട്ടില്ല. രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് ചിത്രം അയയ്ക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. മലയാളിയായി ഞാന്‍ മാത്രമേയുള്ളൂ’ വെന്നും വിന്‍സി അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ‘സോളമന്റെ തേനീച്ചകള്‍’ എന്ന സിനിമയാണ് വിന്‍സിയുടേതായി പുറത്തു വരാനിരിക്കുനന് ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. എന്നാല്‍ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നതിനാല്‍ വിന്‍സിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.

You May Also Like