ഓടുന്നതിനിടയില്‍ പരിചയപ്പെടണമെന്ന് ആരാധിക! രസകരമായ സംഭവത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് താരം. താരത്തിന്റെ അഭിനയത്തെ ആരാധകര്‍ പ്രശംസിക്കുമ്പോഴും അദ്ദേഹം നിരവിധി വിമര്‍ശനങ്ങളും നേരിടാറുണ്ട്.…

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് താരം. താരത്തിന്റെ അഭിനയത്തെ ആരാധകര്‍ പ്രശംസിക്കുമ്പോഴും അദ്ദേഹം നിരവിധി വിമര്‍ശനങ്ങളും നേരിടാറുണ്ട്. അതിനെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ഷൈന്‍ മറുപടി നല്‍കാറുണ്ട്. ഷൈന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് തിയറ്ററില്‍ നിന്നും ഇറങ്ങി ഓടിയത് വാര്‍ത്തയായിരുന്നു. പിന്നീട് മാധ്യമങ്ങളെ പേടിച്ചല്ല താന്‍ ഓടിയതെന്നും ഒരു രസത്തിന് വേണ്ടി ചെയ്തതാണെന്നും വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടയിലുണ്ടായ ഒരു രസകരമായ സംഭവത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ഷൈന്‍.

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യാണ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു ഇന്റര്‍വ്യൂവിലാണ് ഷൈന്‍ ആ സംഭവം വിവരിച്ചത്. ഷൈന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞു മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു ഷൈന്‍ ഓടിയത്. പിന്നാലെ മാധ്യമങ്ങളും ഓടിയതോടെ സംഭവം വൈറലായി. വീഡിയോയില്‍ ഓട്ടത്തിനിടെ ഒരു പെണ്‍കുട്ടിയുമായി ഷൈന്‍ സംസാരിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ ആ ഓട്ടത്തിനിടയില്‍ പെണ്‍കുട്ടി പരിചയപ്പെടണം എന്നാണ് പറഞ്ഞതെന്നാണ് ഷൈന്‍ പറയുന്നത്. ‘ഇപ്പോഴാണോ പരിചയപ്പെടുന്നത്, ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയക്കു’ എന്ന് പറഞ്ഞു അവിടെന്ന് വീണ്ടും ചാടി ഓടിയെന്നും ഷൈന്‍ പറയുന്നു.

‘ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. അപ്പോ ഞാന്‍ സ്‌ക്രീനില്‍ കയറി ഇരുന്നു. അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരും കിതപ്പിലായിരുന്നു. കിതപ്പ് മാറിയപ്പോള്‍ ഞാന്‍ അവിടെന്ന് വീണ്ടും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. ഞാന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓര്‍ത്തു വേണ്ട. വീണ്ടും ആ വയ്യാത്ത കാലും വെച്ച് ചാടി ഓടി, വയ്യാത്ത കാലും വെച്ച് ഓടിപ്പിക്കുന്നതല്ല പ്രശ്നം ഞാന്‍ ഓടുന്നതാണ് പ്രശ്നം. അവസാനം പുറത്ത് എത്തിയപ്പോള്‍ ആകെ രണ്ടു പേരായി പുറകെ’ എന്നായിരുന്നു ഷൈനിന്റെ വാക്കുകള്‍.

ഇന്റര്‍വ്യൂവില്‍ ഒപ്പമുണ്ടായിരുന്ന ടൊവിനോയും ഷൈനിനെ പിന്തുണച്ചു.’എന്തിനാണ് ഇങ്ങനെ പുറകെ ഓടുന്നത്. ഇദ്ദേഹത്തിനിടെ സ്വകാര്യതയെ ബഹുമാനിച്ചൂടെ. മറ്റുള്ളവര്‍ ഉണ്ടല്ലോ അവരുടെ പ്രതികരണം എടുത്താല്‍ പോരെ?’ എന്നാണ് ടൊവിനോ ചോദിച്ചത്.