കടുകമണ്ണ ഊരിലെ സുമതിയ്ക്കും കുഞ്ഞിനും സ്‌നേഹ സമ്മാനങ്ങളും ധനസഹായവുമായി സുരേഷ് ഗോപി!!!

കടുകമണ്ണ ഊരിലെ മുരുകന്റെയും സുമതിയുടെയും കുഞ്ഞിന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനങ്ങളെത്തി. പ്രസവ വേദനയില്‍ പുളഞ്ഞ സുമതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുനിവാസികള്‍ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റര്‍ പാഞ്ഞത്…

കടുകമണ്ണ ഊരിലെ മുരുകന്റെയും സുമതിയുടെയും കുഞ്ഞിന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനങ്ങളെത്തി. പ്രസവ വേദനയില്‍ പുളഞ്ഞ സുമതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുനിവാസികള്‍ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റര്‍ പാഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഊരിലെ അവസ്ഥയറിഞ്ഞ സുരേഷ് ഗോപി ബിജെപി മുന്‍ വക്താവ് സന്ദീപ് വാരിയരെ സമ്മാനങ്ങള്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തിയ സുമതിയെയും കുഞ്ഞിനെയും കണ്ട സംഘം തൊട്ടിലും സമ്മാനങ്ങളും സഹായധനവും നല്‍കിയാണ് യാത്ര പറഞ്ഞത്. സുരേഷ് ഗോപി വീഡിയോ കോളിലൂടെ അമ്മയെയും കുഞ്ഞിനെയും കണ്ടു സുഖവിവരങ്ങളും തിരക്കുകയും ചെയ്തു.

ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ടം തല്ലികൊന്ന മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര്. മധുവിന്റെ ചെറിയമ്മയുടെ മകനാണ് മുരുകന്‍. കടുകുമണ്ണ ഊരില്‍ റോഡില്ല, വൈദ്യുതി ലൈനില്ല, മൊബൈല്‍ റേഞ്ച് പോലും ഇല്ല, ഊരു വാസികള്‍ക്ക് മൊബൈലും ഇല്ല. സോളാര്‍ പാനലില്‍ ചില വീടുകളില്‍ പ്രകാശമുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

300 മീറ്റര്‍ മാത്രമേ മുരുകന് തന്റെ ഗര്‍ഭിണിയായ ഭാര്യയെ തുണിയില്‍ കെട്ടി ചുമക്കേണ്ടി വന്നുള്ളൂ എന്നാണ് മന്ത്രി നിയ സഭയില്‍ പറഞ്ഞതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. എന്നാല്‍ താന്‍ മുരുകനുമൊത്ത് ആ ദുര്‍ഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് നടന്നാണ് പോയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 300 മീറ്റര്‍ അല്ല, മൂന്ന് കിലോമീറ്ററില്‍ അധികം ദൂരമാണ് തങ്ങള്‍ നടന്നതെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.