മോശം സമയങ്ങളില്‍ പോലും ജോഷിയേട്ടന്‍ അനുഗ്രഹിച്ച് കൈപിടിച്ചിട്ടുണ്ട്! -സുരേഷ് ഗോപി

പാപ്പന്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ലുലുമാളില്‍ വെച്ച് നടന്നത്. ഇപ്പോഴിതാ ഈ അവസരത്തില്‍ ഒരു സംവിധായകന്‍ എന്നതിലുപരി തനിക്ക് വളരെ ആത്മബന്ധമുള്ള ജോഷിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ…

പാപ്പന്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ലുലുമാളില്‍ വെച്ച് നടന്നത്. ഇപ്പോഴിതാ ഈ അവസരത്തില്‍ ഒരു സംവിധായകന്‍ എന്നതിലുപരി തനിക്ക് വളരെ ആത്മബന്ധമുള്ള ജോഷിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജോഷിയേട്ടന്റെ ചേട്ടന്റെ സുഹൃത്താണ് എന്റെ അച്ഛന്‍. കോളേജ് പഠനകാലത്ത് തന്നെ അദ്ദേഹത്തെ അറിയാം. എന്റെ സിനിമയിലെ കാവലാളും ജോഷിയേട്ടനാണ്.. പാപ്പനിലേക്ക് എത്തുന്നതിന് മുന്‍പ് തന്റെ കരിയറിലെ തന്നെ വളരെ മോശം സാഹചര്യത്തിലും അവസരങ്ങള്‍ തന്നത് ജോഷിയേട്ടനാണ്..

സുരേഷ്‌ഗോപി പറയുന്നു. ഏകലവ്യന്‍ എന്ന സിനിമ ഷാജി കൈലാസും രഞ്ജി പണിക്കരും എന്നെ വെച്ച് ചെയ്യാന്‍ കാരണം ജോഷിയേട്ടനാണ്. ഒരു നടന്‍ എന്ന നിലയില്‍ സിനിമാ രംഗത്ത് എന്റെ ചുവട് ഉറപ്പിക്കാന്‍ പല ഘട്ടങ്ങളില്‍ എന്റെ തലതൊട്ടപ്പനായി അനുഗ്രഹങ്ങള്‍ മാത്രം ചൊരിഞ്ഞുകൊണ്ട് കൈപിടിച്ച് നിന്നിട്ടുണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും അദ്ദേഹത്തോടൊപ്പം വരികയാണ്. വരനെ ആവശ്യമുണ്ട്, കാവല്‍, എന്നീ സിനിമകള്‍ക്ക് ശേഷം എത്തുന്ന തന്റെ സിനിമയാണ് പാപ്പന്‍.

പാപ്പനില്‍ ജോഷിയേട്ടന്‍ ഒരു പുതിയ നടനെ അവതരിപ്പിക്കുന്ന അത്രയും ഉത്തരവാദിത്വത്തോട് കൂടിയാണ് എന്നെ അവതരിപ്പിക്കുന്നത്. ഒരുപാട് സാധ്യതകളുള്ള കഥാപാത്രമാണ് ഇത്. സിനിമയുടെ കഥ കേട്ട് കഴിഞ്ഞ് അദ്ദേഹത്തെ വിളിച്ചപ്പോള്‍.. അന്ന് ഫോണിലൂടെ തന്ന ഉപദേശങ്ങള്‍ എന്റെ ഹൃദയത്തിലേക്ക് പതിപ്പിച്ചതിന്റെ പ്രതിഫലനം ആയിരിക്കും പാപ്പനിലെ എബ്രഹാം മാത്യു മാത്തന്‍ എന്ന എന്റെ കഥാപാത്രത്തിലൂടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക എന്നും സുരേഷ് ഗോപി പറഞ്ഞു. സത്യസന്ധമായി ഈ സിനിമയെ വിലയിരുത്തണം. വിജയിപ്പിക്കണം… അന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വീണ്ടും എത്തും ..

എന്നിട്ട് അന്ന് അദ്ദേഹം എന്നോട് മാത്രമായി പറഞ്ഞ കാര്യങ്ങള്‍ എന്തായിരുന്നു എന്നും അത് എന്നിലെ നടനെ എത്രത്തോളം സ്വാധീനിച്ചു എന്നും ഞാന്‍ ആര്‍ക്കാണ് ഈ സിനിമ സമര്‍പ്പിച്ചത് എന്നും ഞാന്‍ പറയാം.. ആ അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ കാത്തിരിക്കുന്നത് എന്നും സുരേഷ് ഗോപി പാപ്പന്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന്റെ വേദിയില്‍ വെച്ച് പറഞ്ഞു. ഈ മാസം 29-ാം തീയിയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്.