Local News

സല്യൂട്ട് ചെയ്യാം ‘മുലയൂട്ടിയ ഈ പൊലീസമ്മക്ക്’!!! അതിഥി തൊഴിലാളിയുടെ കുഞ്ഞിന് അമ്മയായി കൊച്ചിയിലെ വനിതാ പൊലീസ്

Published by
Anu B

അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്നേഹത്തിന്റെ കടലാണ്. അമ്മയുടെ അമ്മിഞ്ഞപ്പാലിനോളം മറ്റൊരു അമൃതുമില്ല ലോകത്ത്. ആ അമൃത് പകുത്ത് നല്‍കുന്ന അമ്മ സാക്ഷാല്‍ ദൈവം തന്നെയാണ്. അതാണ് കഴിഞ്ഞദിവസം കൊച്ചി സിറ്റി വനിതാ സ്റ്റേഷനില്‍ കണ്ട ഹൃദയം നിറച്ച കാഴ്ച. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ കൈക്കുഞ്ഞിന് ജീവാമൃതം പകര്‍ന്നു നല്‍കിയ പൊലീസമ്മയ്ക്ക് കൈയ്യടികളാണ് സോഷ്യലിടത്ത് നിറയുന്നത്.

കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ആര്യയാണ് പട്‌ന സ്വദേശിനിയായ അജനയുടെ കുഞ്ഞിനും മുലയൂട്ടി മാതൃകയായത്. മാറ്റിവച്ച ഹൃദയ വാല്‍വില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഐസിയുവിലാണ് അജന. ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കാനാണ് നിര്‍ദേശം ലഭിച്ചത്. നാല് കുട്ടികളെയും സ്റ്റേഷനിലെത്തിച്ചു. ഇളയ കുഞ്ഞിന് നാലുമാസമാണ് പ്രായം. മറ്റു കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കി.

4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നല്‍കും എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് ഫീഡിങ് മദര്‍ ആയി ആര്യ മുന്നോട്ട് വന്നത്. നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാല്‍ നല്‍കി വിശപ്പകറ്റിയ ആര്യ ആ കുഞ്ഞിനും അമ്മയായി. താന്‍ പ്രസവിച്ചതല്ലെങ്കിലും തന്റെ ഒന്‍പത് മാസമായ മകളെ പോലെ കരുതി തന്നെയാണ് ആര്യ കുഞ്ഞിന് മുലയൂട്ടിയതെന്നും ആര്യ പറഞ്ഞു. കുഞ്ഞിനെയും സഹോദരങ്ങളും ശിശുഭവനിലേക്ക് മാറ്റി.അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.