‘തിരക്കഥ അച്ഛന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്’ പ്രണവും വിനീതും ദാസനും വിജയനുമായെത്തുമോ? നടന്റെ പ്രതികരണം

ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു നടന്‍ ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. മഴവില്‍ അഴകില്‍ അമ്മ എന്ന് പേരിട്ട അമ്മ ഷോയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സത്യന്‍ അന്തിക്കാടും…

ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു നടന്‍ ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. മഴവില്‍ അഴകില്‍ അമ്മ എന്ന് പേരിട്ട അമ്മ ഷോയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സത്യന്‍ അന്തിക്കാടും മണിയന്‍ പിള്ള രാജുവും ഇവരോടൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ സംഭവിക്കുമോ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയമാണ് നേടിയത്. ഇവരുടെ കൂട്ടുകെട്ടിലെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടം നാടോടിക്കാറ്റാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ദാസനും വിജയനും മലയാളിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളുമാണ്. അമ്മ ഷോയില്‍ വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ ചുംബിച്ചപ്പോള്‍ ദാസന്റേയും വിജയന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. ശ്രീനിവാസന്റെ മക്കളായ ധ്യാനും വിനീതും ഈ ചിത്രം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ വിനീതിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാസനേയും വിജയനേയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നവയാണെന്ന് വിനീത് പറയുന്നു. ‘നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിന്റെ തിരക്കഥ വര്‍ഷങ്ങള്‍ക്ക് മുന്നേ അച്ഛന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കൊണ്ട് ആ ചിത്രം സംഭവിച്ചില്ല. ഒരു തിരുത്തലുകളും കൂടാതെ ഇന്നും ആ തിരക്കഥ സിനിമയാക്കുവാന്‍ സാധിക്കും.

ലാല്‍ അങ്കിളിനോട് ഇതിനേക്കുറിച്ച് ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. ദാസന്‍ എന്ന കഥാപാത്രം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും. അച്ഛന്റെ ആരോഗ്യസ്ഥിതി വെച്ച് ഇപ്പോള്‍ അത് പ്രയാസമാണ്. മറ്റാരെയെങ്കിലും വെച്ച് ആ തിരക്കഥ ചെയ്തൂ കൂടെ, പ്രണവിനേയും തന്നെയും ആ തിരക്കഥയില്‍ ഉള്‍പ്പെടുത്തികൂടെയെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ അതിന് തനിക്ക് ധൈര്യമില്ല. കാരണം എനിക്ക് പോലും ദാസനേയും വിജയനേയും മറ്റൊരാളുടെ മുഖം വെച്ച് ചിന്തിക്കുവാന്‍ സാധിക്കുകയില്ല. പക്ഷേ അച്ഛന്റെ ആഗ്രഹം എന്ന നിലയില്‍ ആലോചനകള്‍ ഗൗരമായി കൊണ്ടുപോകുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.