അത്ഭുത നിമിഷം!! ഏകതാ പ്രതിമ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. ഗുജറാത്തിലെ കെവാഡിയയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ തീരത്താണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഉണ്ണി…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. ഗുജറാത്തിലെ കെവാഡിയയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ തീരത്താണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് യാത്രയുടെ വിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്. ഏകതാ പ്രതിമയ്ക്ക് സമീപത്ത് നിന്നുള്ള ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. സന്ദര്‍ശനത്തിനിടെ ഏകതാ പ്രതിമയുടെ ചെറു മാതൃകയും താരത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്.

‘സ്‌കൂള്‍ പഠനകാലത്ത് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ കുറിച്ച് ചരിത്ര പുസ്തകങ്ങളിലൂടെ ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അദ്ദേഹത്തെ ആളുകള്‍ ഓര്‍മ്മിക്കുന്നത് കുറഞ്ഞു വന്നു. അദ്ദേഹത്തെ ഏറെക്കുറെ എല്ലാവരും മറന്നുപോയതായി തോന്നിയിരുന്നു.

അടുത്തിടെ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ ആദരണീയനായ പ്രധാനമന്ത്രിയായിരുന്നു ഏകതാ പ്രതിമ സന്ദര്‍ശിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. അദ്ദേഹം അക്കാര്യം നിര്‍ദേശിച്ചതില്‍ താനേറെ സന്തോഷവാനാണ്. ഈ അത്ഭുതത്തിന് സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകന്‍മാരില്‍ പ്രധാനപ്പെട്ട വ്യക്തിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന സ്മാരക പ്രതിമയാണ്. 182 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്.

എന്നാല്‍ ഈ പ്രതിമയെ മഹത്തരമാക്കുന്നത് അതിന്റെ വലിപ്പമോ ഉയരമോ അല്ല, മറിച്ച് ഇത് ഉള്‍പ്പെടുന്ന പ്രദേശത്തെയാകെ വികസനം കൊണ്ട് മാറ്റി മറിക്കാന്‍ സാധിച്ചു എന്നതാണ് ശ്രദ്ധേയം. ആളുകളെയും അവരുടെ ജീവിത നിലവാരത്തെയും മാറ്റിമറിച്ചു, വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ വന്ന മാറ്റങ്ങളും ശ്രദ്ധേയമാണ്.

സര്‍ദാര്‍ വല്ലഭാഭായ് പട്ടേലിന്റെ കാല്‍ക്കല്‍ നില്‍ക്കുമ്പോള്‍, എനിക്ക് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് ആത്മീയ ജ്ഞാനവും മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്ന ഭഗവദ് ഗീതയില്‍ നിന്നുള്ള വിവരണമാണ് ഓര്‍മ്മ വന്നത്. ശ്രീകൃഷ്ണന്റെ പൂര്‍ണ്ണാവതാരം എങ്ങനെയുണ്ടെന്ന് വിവരിക്കാന്‍ അര്‍ജ്ജുനനോട് സഹോദരന്മാര്‍ പിന്നീട് ആവശ്യപ്പെട്ടു എന്നാണ് കഥ.

അതിന് അര്‍ജ്ജുനന്‍ മറുപടി പറഞ്ഞു, ശ്രീകൃഷ്ണന്‍ തന്റെ പൂര്‍ണ്ണരൂപം സ്വീകരിച്ചപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ കാല്‍വിരലിന്റെ അടിഭാഗം മാത്രമായിരുന്നു. ശ്രീകൃഷ്ണന്‍ ആകാശത്തിനും പ്രപഞ്ചത്തിനും മുകളിലായി വളര്‍ന്നു നില്‍ക്കുകയായിരുന്നു. അതിനാല്‍ എനിക്ക് ശ്രീകൃഷ്ണന്റെ മുഖം കാണാന്‍ സാധിച്ചില്ല.

അര്‍ജ്ജുനനെ പോലെയാണ് ഏകതാ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്കും തോന്നുന്നത്. ഏകതാ പ്രതിമ ഒരു ദേശീയ ചിഹ്നമായി മാറിയിരിക്കുന്നു. ദേശസ്നേഹം, സാമൂഹിക-സാമ്പത്തിക വികസനം, ചരിത്രപരമായ പ്രാധാന്യം എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു, ഗുജറാത്തില്‍ സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നായി ഏകതാ പ്രതിമ മാറിയിരിക്കുന്നു, എന്നാണ് ചിത്രങ്ങളും പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.