കോളേജ് പഠനം നിര്‍ത്തി ഉണ്ണി മുകുന്ദന്‍ നേരെ പോയത് ലോഹിതദാസിന്റെ വീട്ടിലേക്ക്…! ആ ബന്ധത്തെക്കുറിച്ച് താരം!!

മലയാളത്തിന്റെ സ്വന്തം മസിലളിയന്‍ എന്ന പേര് മാറി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നിര്‍മ്മിച്ച സിനിമയായ മേപ്പടിയാന്‍ താരത്തിന്റെ സിനിമാ കരിയറിലെ തന്നെ…

മലയാളത്തിന്റെ സ്വന്തം മസിലളിയന്‍ എന്ന പേര് മാറി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നിര്‍മ്മിച്ച സിനിമയായ മേപ്പടിയാന്‍ താരത്തിന്റെ സിനിമാ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായി പ്രേക്ഷകര്‍ വിലയിരുത്തി കഴിഞ്ഞു. സിനിമ ഹിറ്റായതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമാണ്.

അടുത്തിടെയാണ് ലോഹിതദാസിന്റെ ചിതയ്ക്ക് മുന്നില്‍ നിന്നു കരയുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. അപ്പോള്‍ മുതല്‍ താരത്തിന് ലോഹിതദാസുമായുള്ള ബന്ധം എന്തായിരുന്നു എന്ന് തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ ആ ബന്ധത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ ഗുരുനാഥന്റെ സ്ഥാനത്തുള്ള ലോഹിതദാസിനെ കുറിച്ച് ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

പ്ലസ് ടു കഴിഞ്ഞ് കുറച്ച് മാസം കോളജില്‍ പോയിരുന്നു. പിന്നെ ടീച്ചറുമായി ചെറിയ പ്രശ്നമൊക്കെ ആയ ശേഷം ഞാന്‍ കോളജില്‍ പോകുന്നത് നിര്‍ത്തി. കോളജ് നിര്‍ത്തിയ പിറ്റേദിവസം മുതല്‍ താന്‍ ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. പ്ലസ് ടു വിദ്യാഭ്യാസം വെച്ച് മോശമില്ലാത്ത ജോലികള്‍ ചെയ്തിട്ടുണ്ട്. പിന്നീട് അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനാണ് എവിടെ നിന്നോ സംവിധായകന്‍ ലോഹിതദാസിന്റെ അഡ്രസ് സംഘടിപ്പിച്ച് തന്നത്. അങ്ങനെയൊരിക്കല്‍ അദ്ദേഹത്തിന് ഞാന്‍ കത്തെഴുതി. എന്തുകൊണ്ടോ കത്ത് വായിച്ച് അദ്ദേഹം തന്റെ വീട്ടിലേക്ക് വിളിച്ചു. ഒരു ദിവസം കാണാന്‍ ചെല്ലാന്‍ പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തെ കാണാന്‍ വീട്ടിലേക്ക് പോകുന്നത്.

അവിടെ ചെന്ന് അദ്ദേഹവുമായി നന്നായി സംസാരിച്ചു. വളരെ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു. അന്ന് മുതല്‍ അദ്ദേഹവുമായി നല്ലൊരു ബന്ധമുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്ന് നിരവധി ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിന്റെ മുമ്പില്‍ വന്ന് ക്യൂ നില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അപ്പോഴും ക്യൂവില്‍ നില്‍ക്കാതെ അദ്ദേഹത്തെ കാണാന്‍ വീടിനുള്ളിലേക്ക് നേരിട്ട് കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്ക് അദ്ദേഹം തന്നിരുന്നു. അദ്ദേഹം മരിച്ചുവെന്ന് അച്ഛന്‍ വഴിയാണ് താന്‍ അറിഞ്ഞത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും എന്നും തന്റെ ഗുരുനാഥനായിട്ടാണ് താന്‍ അദ്ദേഹത്തെ കാണുന്നത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.