കെപിഎസി ലളിതയ്ക്ക് എന്നോട് എന്തിനാണിത്ര കുശുമ്പ്, നെടുമുടി വേണുവിന്റെ വാക്കുകള്‍ വീണ്ടും ഏറ്റെടുത്ത് ആരാധകര്‍

നെടുമുടി വേണുവിന് പകരം വയ്ക്കാന്‍ മലയാളസിനിമയില്‍ മറ്റൊരു നടനില്ല. തന്നിലെ നടനെ തേച്ചുമിനുക്കി രാകിയെടുത്ത തനി കുട്ടനാടുകാരന്‍ സിനിമയിലെത്തിയപ്പോള്‍ ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചത്. നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗം ഏറെ തളര്‍ത്തിയത്…

നെടുമുടി വേണുവിന് പകരം വയ്ക്കാന്‍ മലയാളസിനിമയില്‍ മറ്റൊരു നടനില്ല. തന്നിലെ നടനെ തേച്ചുമിനുക്കി രാകിയെടുത്ത തനി കുട്ടനാടുകാരന്‍ സിനിമയിലെത്തിയപ്പോള്‍ ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചത്. നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗം ഏറെ തളര്‍ത്തിയത് കെപിഎസി ലളിതയെയായിരുന്നു. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് എന്നതിലുപരി കെപിഎസി ലളിതയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നെടുമുടി വേണു. ഇരുവരുടേയും സൗഹൃദത്തെ കുറിച്ച് നെടുമുടി വേണു മുന്‍പ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

നെടുമുടി വേണുവിന്റെ വാക്കുകള്‍ –
ഞാനും ലളിതചേച്ചിയും ചുമ്മാ വഴക്കുണ്ടാക്കുന്ന രണ്ടാളുകളാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും ഇപ്പോഴും ‘വഴക്കിടും. ‘ ഒരു നടിക്ക് എന്തിനാണ് ഒരു നടനോട് ഇത്രയും ‘അസൂയ’. അതിനുള്ള ഉത്തരം ഭരതേട്ടന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോള്‍ ലളിതചേച്ചി ഇരിക്കുന്ന വേദിയില്‍ വച്ച് ഞാന്‍ പറഞ്ഞു. ”ഭരതേട്ടന് ലളിതചേച്ചിയെക്കാള്‍ ഇഷ്ടം എന്നെയായിരുന്നു. ഒരു ഭാര്യക്ക് അത് സഹിക്കാനാവുമോ? ആ ദേഷ്യം കൊണ്ടാണ് എന്നോടു ചേച്ചി വഴക്കുണ്ടാക്കുന്നത്, ” അതു കേട്ട് ചേച്ചി ചിരിച്ചു, പിന്നെ കണ്ണു തുടച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് അഞ്ചുമിനിട്ടുനേരം സംസാരിച്ചാല്‍ മതി. ഓര്‍മകള്‍ കൊണ്ട് മുറിവേറ്റ് രണ്ടുപേരുടെയും കണ്ണു നിറയും.


ഭരതേട്ടന്റെയും ലളിതച്ചേച്ചിയുടെയും മദ്രാസിലെ വീട് ഞങ്ങളുടെതും കൂടിയായിരുന്നു. എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. എന്നെ കാണുമ്പോഴേ ചേച്ചി പറയും, അലുമിനിയക്കുടം ചളുക്കാനുള്ള ആളെത്തി… ആ അലുമിനിയ കുടങ്ങളായിരുന്നു സൗഹൃദകച്ചേരിക്ക് ‘ഘട’ങ്ങളായി മാറ്റിയിരുന്നത്. നാടന്‍ പാട്ടും കച്ചേരിയും… സന്തോഷം ചാമരം വീശിനിന്ന ദിവസങ്ങള്‍.
ലളിത ചേച്ചി ഗര്‍ഭിണിയായ സമയം. പ്രസവശൂശ്രൂഷയ്ക്കായി വൈന്‍ തയാറാക്കാന്‍ വലിയ ഭരണയില്‍ മുന്തിരി സൂക്ഷിച്ചിരുന്നു. മാസങ്ങള്‍ക്കു മുമ്പേ ചെയ്തതാണ്. ഞാനും അരവിന്ദേട്ടനും പവിത്രനുമൊക്കെ അന്ന് അവിടത്തെ സ്ഥിരം സന്ദര്‍ശകരാണ്. ആ ഭരണി ഞങ്ങളുടെ ‘നോട്ടപ്പുള്ളിയായി. ‘ അതിലെ വൈന്‍ മൂത്ത് തുടങ്ങിയിട്ടേ ഉള്ളൂ. ഒരു ദിവസം ചേച്ചി അറിയാതെ ഒരോ കുഞ്ഞു ഗ്ലാസു വീതം കുടിക്കാന്‍ ഒരാഗ്രഹം. അതു പിന്നെ സ്ഥിരമായി. അവസാനം ശ്രീക്കുട്ടി ഉണ്ടായിക്കഴിഞ്ഞ് ചേച്ചി ആ ഭരണി തുറന്നു നോക്കിയപ്പോള്‍, കുറച്ച് മുന്തിരിത്തൊണ്ടല്ലാതെ വേറൊന്നും കിട്ടിയില്ല.
നൂറു ശതമാനം കലാകാരനായിരുന്നു ഭരതേട്ടന്‍. ചിത്ര കാരന്‍,ശില്‍പി,എഴുത്തുകാരന്‍, ഗംഭീരമായി പാടും…ജീവിതത്തില്‍ അഭിനയിക്കാനും കളവു പറയാനും അറിയില്ല. തനി നാട്ടിന്‍പുറത്തുകാരന്‍. ഇതു ചൂഷണം ചെയ്യാന്‍ ഒരുപാടുപേരുണ്ടായിരുന്നു. ഒരുതരം ഒഴുകിപ്പോകലായിരുന്നു ഭരതേട്ടന്റെത്.ലളിതചേച്ചി ഒരു തണല്‍ പോലെ നിന്നതു കൊണ്ടായിരുന്നു ഭരതേട്ടനെ പോലൊരാള്‍ക്ക് മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജം കിട്ടിയത്. കുടുംബം കെട്ടുറപ്പോടെ കൊണ്ടുപോവാന്‍ സാധിച്ചതും മറുപാതിയായി ചേച്ചി ഉണ്ടായിരുന്നതു കൊണ്ടാണ്.