വീട്ടിലുള്ള സ്‌നേഹം നുകരാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു!! ഉയിരിനെയും ഉലഗത്തിനെയും മിസ് ചെയ്യുന്നെന്ന് വിഘ്‌നേഷ്

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുടുംബവും ഏറെ ആരാധകരുള്ള താരങ്ങളാണ്. താരപുത്രന്മാരായ ഉയിരും ഉലഗവും അത്രമേല്‍ പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിപ്പിലുമാണ്. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും നയന്‍സിനും വിക്കിയ്ക്കും ഇരട്ട ആണ്‍മക്കളെത്തിയത് വാര്‍ത്തയായിരുന്നു.

വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ മാതാപിതാക്കളായത്. ഷൂട്ടിങ്ങിന് പോകുമ്പോഴും മക്കളെ കൂടെ കൂട്ടാറുണ്ട് നയന്‍സ്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള വിഘ്‌നേഷിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. വീട്ടില്‍ പോയിട്ട് ആഴ്ചകളായി എന്നും മക്കളെ മിസ് ചെയ്യുന്നെന്നാണ് വിക്കിയുടെ പോസ്റ്റ്.

അടുത്തിടെയായി സിംഗപ്പൂരും മലേഷ്യയിലുമായി വിഗ്‌നേഷ് ഷൂട്ടിംഗ് തിരക്കിലായിരുന്നു. എത്രയും വേഗം വീട്ടിലെത്തി മക്കളെ താലോലിക്കണമെന്നാണ് താരം പറയുന്നത്. ആഴ്ചകളായി തന്നെ കാത്തിരിക്കുന്ന സ്‌നേഹം നുകരാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നെന്നും താരം പറയുന്നു.

എന്തിന്റെ ഷൂട്ടിംഗ് ആണെന്ന് വിക്കി വ്യക്തമാക്കിയിട്ടില്ല. സിംഗപ്പൂരും മലേഷ്യയിലും വിഗ്‌നേഷ് ശിവനും നയന്‍താരയ്ക്കും ബിസിനസുണ്ട്. നയന്‍സിന്റെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് ആയ നയന്‍ സ്‌കിന്‍ ഫ്രാഞ്ചൈസിയുണ്ട്.