2024ലെ സർപ്രൈസ് ഹിറ്റിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു; ഗദയുമായി നിൽക്കുന്ന ഹനുമാനും തീ തുപ്പുന്ന ‍ഡ്രാഗണും, പോസ്റ്റർ വൈറൽ

ഹനുമാൻ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് സംവിധായകൻ പ്രശാന്ത് വർമ്മ. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് തേജ സജ്ജ നായകാനായെത്തിയ ഹനുമാൻ. ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 23-നാണ്…

ഹനുമാൻ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് സംവിധായകൻ പ്രശാന്ത് വർമ്മ. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് തേജ സജ്ജ നായകാനായെത്തിയ ഹനുമാൻ. ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 23-നാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശാന്ത് വർമ്മ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവയ്ക്കുകയായിരുന്നു.

ഗദയുമായി നിൽക്കുന്ന ഹനുമാനും തീ തുപ്പുന്ന ‍ഡ്രാഗണുമാണ് പോസ്റ്ററിൽ ഉള്ളത്. ജയ് ഹനുമാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 3ഡി ഐമാക്സിലാണ് എത്തുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക്സിലെ രണ്ടാമത്തെ ചിത്രമാണ് ജയ് ഹനുമാൻ. ചിത്രത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. തേജ സജ്ജ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

2024 ജനുവരി 12-നാണ് ഹനുമാൻ തിയേറ്ററിലെത്തിയത്. തേജ സജ്ജയ്‌ക്ക് പുറമെ അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. ഭഗവാൻ ഹനുമാന്റെ ശക്തി ലഭിച്ച നാടിനെ രക്ഷിക്കുന്ന യുവാവായാണ് തേജ സജ്ജ ഹനുമാനിൽ എത്തിയത്.