വിജയ് യേശുദാസിനെ നായകനാക്കി പ്ലസ് ടുകാരിയുടെ സിനിമ; സന്തോഷമുണ്ടെന്ന് ചിന്മയി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ്  ബൈ എ സോള്‍ജ്യര്‍’ ഓഡിയോ ലോഞ്ച് ഇന്നലെ എറണാകുളം ഐ എം എ ഹാളിൽ നടന്നു. താരങ്ങളായ മേജർ രവി, സഞ്ജു ശിവറാം, ദിവ്യാ പിള്ള, വിജയ്‌ യേശുദാസ്, മീനാക്ഷി, നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, സാബു കുരുവിള, സംവിധായക ചിന്മയി നായര്‍,തിരക്കഥാകൃത്തുക്കളായ അഭിലാഷ് പിള്ള, അനിൽ രാജ് തുടങ്ങി സിനിമയുടെ മറ്റ്‌ താരങ്ങളും അണിയറപ്രവ൪ത്തകരു൦ ചടങ്ങിൽ പങ്കെടുത്തു.


വിജയ് യേശുദാസ് ലിസ്റ്റിൻ സ്റ്റീഫന് സി ഡി കൈമാറി ഓഡിയോ ലോഞ്ച് ചെയ്തു.മാജിക് ഫ്രെയിംസിലൂടെ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്. ഗായകനും നടനുമായ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയായ ചിന്മയി ആണ് ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുന്നത്.സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽ രാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു.വിജയ് യേശുദാസിനെ നായകനാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ചിന്മയി പറയുന്നത്.