വിജയ് ആശുപത്രിയിൽ ?; ആശങ്കയോടെ ആരാധകർ,

നിരവധി ആരാധകരുള്ള  നടനാണ് വിജയ്. ജോസഫ് വിജയ് എന്ന പേരില്‍ നിന്നും ദളപതി വിജയിലേക്കുള്ള ദൂരം നടനെ സംബന്ധിച്ച് വളരെ വലുതായിരുന്നു. ഒരുപാട് പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട് വിജയ്.  ‘ഈ മുഖം കാണാൻ ആരെങ്കിലും പൈസ മുടക്കുമോ’ എന്ന ചോദ്യത്തിൽ നിന്ന് ഇന്ന് വിജയിയുടെ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കുന്ന ആയിരക്കണക്കിന് പേരിലേക്കുന്ന വളർച്ച ആയിരുന്നു വിജയിയുടേത്. നടന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ വിജയിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും ചർച്ച ആയിരിക്കുന്നത്.  കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ ആശുപത്രിയിൽ ആയിരുന്നു വിജയ് എത്തിയത്. വൈറ്റ് ഷർട്ടും ജീൻസും ധരിച്ച് മാസ്ക് അണിഞ്ഞ് ആശുപത്രിയിൽ വന്ന വിജയിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഒപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്താണ് വിജയ്ക്ക് പറ്റിയതെന്ന ചോദ്യവുമായി ആരാധകർ രം​ഗത്ത് എത്തുക ആയിരുന്നു. തലേദിവസം ലിയോ സക്സസ് മീറ്റിൽ എത്തിയ ദളപതിക്ക് എന്തുപറ്റി എന്നാണ് ഏവരും ചോദിച്ചത്.

ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിജയിയുമായി ബന്ധപ്പെട്ടവർ തന്നെ രം​ഗത്തെത്തി. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബസ്സി ആനന്ദിനെ കാണാനായാണ് വിജയ് ആശുപത്രിയിൽ എത്തിയതെന്ന് ഇവർ അറിയിച്ചു. ലിയോ വിജയാഘോഷങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നെന്നും അതുമൂലമുള്ള കടുത്ത ക്ഷീണത്തെ തുടർന്നാണ് ബസ്സിയെ ആശുപത്രിയിൽ എത്തിച്ചത് എന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെ ആയി വിജയ്ക്ക് ഒപ്പമുള്ള ആളാണ് ബസ്സി. അതേസമയം, 2026ൽ വിജയ് രാഷ്ട്രീയത്തിൽ വരുമെന്നും ഇതിന്റെ തിരക്കിലായിരുന്നു ബസ്സി എന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അതെ സമയ റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം 57 കോടി നേടിയതായാണ് റിപ്പോർട്ട്. ജയിലറിനെ മറികടക്കുകയാണ് ഇനിയുള്ള ലക്ഷ്യം.

രണ്ടാഴ്ച കൊണ്ട് 550 കോടി കളക്ഷൻ ആ​ഗോളതലത്തിൽ ചിത്രം സ്വന്തമാക്കി. 600 കോടിയിലേക്കുള്ള കുതിപ്പാണ് ഇനി. ദീപാവലി വരെ മറ്റ് വലിയ റിലീസുകൾ ഇല്ലാത്തതിനാൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരും. നവംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ട്. ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ലിയോയുടെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്. നിലവിൽ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68ന്റെ ചിത്രീകരണത്തിലാണ് വിജയ്. സിനിമയുടെ രണ്ടാം ഷെഡ്യൂളിനായി താരം ബാങ്കോക്കില്‍ പോയിരിക്കുകയാണെന്നാണ് വിവരം.