Categories: Film News

വിജയ് സേതുപതി മലയാളത്തിലേക്ക്; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിജയ് സേതുപതി മലയാളത്തില്‍ നായകനായെത്തുന്നു. വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ 19(1)(എ)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. ഇന്ദു വി.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. വിജയ് സേതുപതി ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നിത്യാ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.സംവിധായകയായ ഇന്ദു വി.എസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ്.

മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു. കമല്‍ഹാസന്‍ നായകനാക്കി
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് വിജയ് സേതുപതിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതിലെ സന്താനം എന്ന കഥാപാത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടി. സീനു രാമസ്വാമിയുടെ സംവിധാനത്തില്‍ വിജയ് സേതുപതി നായകനായി എത്തുന്ന മാമനിതന്‍ ജൂണ്‍ 24ന് തിയറ്ററുകളിലെത്തും.

Aswathy