വിജയ് പറഞ്ഞു എന്നോട് ചെയ്തോളാൻ ; ലിയോയിലെ കുട്ടിത്താരം, ബേബി ഇയൽ

തെന്നിന്ത്യന്‍ സിനിമാ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ എത്തുന്ന ലിയോ ഒക്ടോബർ 19 നു തീയറ്ററുകളിൽ എത്തും. ദളപതി വിജയ്‌യുടെ അതിഗംഭീര ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലർ പുറത്തു വന്നപ്പോൾ തന്നെ ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു. വിജയ്‌യോടൊപ്പം വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നപ്പോൾ മുതൽ സിനിമാപ്രേമികൾ ഏറ്റവും അധികം ശ്രദ്ധിച്ചത് നായിക ആയ തൃഷയുടെ മുഖച്ഛായ ഉള്ള ഒരു കുട്ടിത്താരത്തെയാണ്. ബേബി ഇയൽ എന്നാണ് ആ താരത്തിന്റെ പേര്. സിനിമയിൽ വിജയ്‌യുടെ മകളുടെ വേഷമാണ് ഇയൽ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. തമിഴ് നടനായ അർജുനന്റെ മകളാണ് ഈ കുട്ടിതാരം. മാത്രവുമല്ല തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് ആയി മാറിയ ‘ഡാഡാ’ എന്ന ചിത്രത്തിൽ അഭിനയിച്ച മാസ്റ്റർ ഇലൻ എന്ന ബാലതാരം ഇയലിന്റെ ട്വിൻ സഹോദരനുമാണ്. ഇയലും കുടുംബവും ഒന്നിച്ച് പങ്കെടുത്ത അഭിമുഖമാണ് ഇപ്പോൾ  ശ്രദ്ധ നേടുന്നത്. താരങ്ങളായ മക്കളെപ്പറ്റി മാതാപിതാക്കൾക്ക് പറയുന്നതെന്തെന്ന് നോക്കാം. ആദ്യം പിയേഴ്സ് സോപ്പിന്റെ പരസ്യം ചെയ്തിരുന്നു. കുട്ടികളെ രണ്ടുപേരെയും സിനിമയിൽ എടുത്തത് നടൻ അര്ജ്ജുന്റെ മക്കൾ എന്ന രീതിയിൽ അല്ല. രണ്ടുപേരും പ്രോപ്പർ ആയിട്ട് ഒഡിഷനൊക്കെ പോയി സെലക്ട് ആയതാണ്. ലിയോ സിനിമയ്ക്ക് വേണ്ടി നാലു തവണ ഓഡിഷന് പോയിരുന്നു. പോയപ്പോൾ ഒക്കെ രണ്ടുമൂന്നു സീൻ കൊടുത്തിട്ട് അഭിനയിച്ചു കാണിക്കാൻ പറഞ്ഞിരുന്നു. ലിയോയുടെ ആദ്യ ദിവസത്തെ ഷൂട്ടിന് പോയത് പേടിച്ചാണ്. പുതിയ ടീം, അതും ലോകേഷ് ടീം, വിജയ് സർ അങ്ങിനെ എല്ലാം കൊണ്ടും പേടിച്ചാണ് പോയത്. ഞങ്ങൾക്കായിരുന്നു പേടി. മോൾക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു. ഇവൾ അവിടെ വന്നു കളിച്ചുകൊണ്ടിരുന്നു. അവളുടെ സീൻ അഭിനയിക്കാൻ വിളിക്കുമ്പോൾ ഞങ്ങൾ അടുത്തോട്ട് ചെന്നാൽ മോൾ അഭിനയിക്കാതിരിക്കുമോ എന്നായിരുന്നു പേടി. ഞങ്ങൾ ഒരു ഡിസ്റ്റൻസിൽ മാറി നിന്നു. അഭിനയിച്ച് കഴിഞ്ഞ് ഇവളെ എടുത്തു കൊണ്ട് വന്നത് വിജയ് അണ്ണൻ ആണ്, എന്നിട്ട് വന്നു ഞങ്ങളോട് പറഞ്ഞു മോൾ വേറെ ലെവൽ അഭിനയം ആയിരുന്നു എന്ന്. അത് കേട്ടിട്ട് ഞങ്ങൾക്കൊക്കെ സന്തോഷം കൊണ്ട് കണ്ണ് നിറയുവായിരുന്നു. വിജയ് അണ്ണന്റെ മുതുകിൽ ആയിരുന്നു ഇവൾ ഫുൾ ടൈം. ഇറങ്ങെടി എന്ന് പറഞ്ഞാൽ വിജയ് പറഞ്ഞു എന്നോട് ചെയ്തോളാൻ എന്നായിരിക്കും മറുപടി.

അവിടെ ടീം എല്ലാവരും ഇവളെ എടുത്തോണ്ട് നടക്കുവായിരുന്നു. ഇവൾ ലിയോ ടീമിനോട് പോയി ചോദിക്കും എല്ലാവരും ഡാഡാ സിനിമ കണ്ടോ എന്താ കാണാത്തത്, എന്റെ ബ്രദർ അതിൽ അഭിനയിച്ചിട്ടുണ്ട് എന്നൊക്കെ. വിജയ് അണ്ണനോടും പോയി പറഞ്ഞു, അദ്ദേഹം അപ്പോൾ പറഞ്ഞു ഈ ഷൂട്ടിങ് തീർന്നിട്ട് എത്തുമ്പോൾ ആ സിനിമ കാണാം എന്ന്. ഞങ്ങൾക്ക് ലിയോയുടെ കഥയൊന്നും അറിയില്ലായിരുന്നു. മോളുടെ വേഷം എന്താണെന്നു ചോദിച്ചപ്പോൾ നല്ല വേഷമാണ് എന്ന് മാത്രമായിരുന്നു മറുപടി. ഇവളോട് എന്തെങ്കിലും സീൻ പറഞ്ഞാൽ ചിലപ്പോൾ ഇവൾ ശ്രദ്ധിക്കാതെ ഇരിക്കും. എന്നാലും അവൾ അത് കേൾക്കുന്നുണ്ടാവും. ഏതോ ഒരു സീനിൽ അവർ ഇവളോട് എന്തോ പറഞ്ഞു കൊടുത്തു. ഇവൾ കേട്ടില്ലെന്നു കരുതി അവർ എല്ലാവരും ഇവളുടെ പേര് വിളിച്ചോണ്ടിരുന്നു. പെട്ടെന്ന് ഇവൾ ഞാൻ കേട്ടല്ലോ പിന്നെ എന്തിനാണ് ഇങ്ങിനെ പറയുന്നത് എന്ന് ചോദിച്ചു.