നടന്‍ വിനായകന്റെ സഹോദരന്റെ ഓട്ടോ കസ്റ്റഡിയിലെടുത്ത് പോലീസ്!! പക തീര്‍ക്കുകയാണെന്ന് വിക്രമന്‍

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ വിനായകന്റെ സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിക്രമന്‍. വിക്രമന്റെ ഓട്ടോറിക്ഷ നിസാര കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. നീ വിനായകന്റെ ചേട്ടനല്ലേ എന്നു ചോദിച്ച് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു എന്നാണ്…

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ വിനായകന്റെ സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിക്രമന്‍. വിക്രമന്റെ ഓട്ടോറിക്ഷ നിസാര കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. നീ വിനായകന്റെ ചേട്ടനല്ലേ എന്നു ചോദിച്ച് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു എന്നാണ് വിക്രമന്‍ ആരോപിക്കുന്നത്.

വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് ഓട്ടോ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഐപിസി 283ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്‌ഐആര്‍. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. എന്നാല്‍ വിക്രമന്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പൊലീസുകാര്‍ പറയുന്നു.

വിക്രമന്‍ യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാര്‍ ഒരു 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നു എന്ന് വിക്രമന്‍ പറയുന്നു. സഹോദരനോടുള്ള പക തീര്‍ക്കാന്‍ തന്നെ കരുവാക്കുകയാണ് എന്നാണ് വിക്രമന്‍ ആരോപിക്കുന്നത്.

വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിയാണ് എന്നാണ് പൊലീസിന്റെ വിശദീകരണം. വിക്രമന്‍ പൊലീസുകാരോട് മോശമായാണ് പെരുമാറിയതെന്നും വിനായകന്റെ സഹോദരനാണെന്ന് വണ്ടി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അറിയില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.