‘ഹൃദയം’ സിനിമയിലെ സെല്‍വത്തിന്റെ മരണം ഭാവനയല്ല..!! യഥാര്‍ത്ഥ്യമാണ്..! – വിനീത് ശ്രീനിവാസന്‍

മലയാളി സിനിമാ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ. ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.…

മലയാളി സിനിമാ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ. ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. തന്റെ കലാലയ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ഈ സിനിമ എടുത്തതെന്ന് വിനീത് പലതവണ പറഞ്ഞിട്ടുണ്ട്.

അങ്ങനെയിരിക്കെ സിനിമയുടെ മറ്റൊരു പ്രധാന ഭാഗത്ത് നടന്ന സംഭവം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. സിനിമയിലെ സെല്‍വയുടെ കഥാപാത്രത്തിന്റെ മരണം ഒരിക്കലും തന്റെ ഭാവന അല്ലെന്നാണ് വിനീത് തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആ മരണത്തെ കുറിച്ച് വിനീത് പറയുന്നത് ഇങ്ങനെയാണ്….

‘സെല്‍വ എന്ന കഥാപാത്രം സിനിമയില്‍ മരിക്കുകയാണ്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നിരുന്നു. എന്റെ സുഹൃത്തായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമായിരുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിനോട് മരിച്ച ആള്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നു. അവന്‍ എന്തുമാത്രം വിഷമിച്ചിട്ടുണ്ടെന്ന് അന്ന് ഞാന്‍ കണ്ടതാണ്.

അതേ സ്ഥലത്ത് അത് വീണ്ടും ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാതെയായിരുന്നു. എഴുതിയപ്പോള്‍ അങ്ങനെയൊന്നും തോന്നിയിരുന്നില്ല. ഓര്‍മയില്‍ വരുന്നുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഷൂട്ട് ചെയ്തപ്പോള്‍ ആ വേദന ശരിക്കും മനസിലേക്ക് വന്നു. അതുകൊണ്ട് ഞാനത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ത്തു, എന്നാണ് വിനീത് അഭിമുഖത്തില്‍ പറയുന്നത്. സിനിമ കണ്ട് തീരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു നോവായി മനസ്സില്‍ തങ്ങി നിന്ന കഥാപാത്രമായിരുന്നു സെല്‍വയുടേത്.