‘കഴിഞ്ഞ ദിവസം അങ്ങനൊരു ഭാഗ്യം ഉണ്ടായി ‘ ; മമ്മൂക്കയുടെ സ്നേഹത്തെപ്പറ്റി വിനോദ് കോവൂർ 

മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ. ടെലിവിഷൻ പരിപാടിയായ എം80 മൂസയിലെ മൂസാക്കായായും മറിമായത്തിലെ മൊയ്ദുവായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് കോവൂർ. നാടകത്തിലൂടെയാണ് വിനോദ് തന്റെ അഭിനയ ജീവിതം  ആരംഭിക്കുന്നത്. ആദ്യം സിനിമയിലേക്ക് ആണ് എത്തിയതെങ്കിലും എം80 മൂസ എന്ന പരമ്പരയിലൂടെയാണ് വിനോദ് ശ്രദ്ധിക്കപ്പെട്ടത്. മലബാർ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന വിനോദിനെ മൂസയായി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ മറിമായത്തിലൂടെയും നടന് ജനപ്രീതി ലഭിച്ചു. അതിനിടെ ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളും ലഭിച്ചു. ഇന്ന് സിനിമയിലും സീരിയലിലുമൊക്കെ ഒരുപോലെ സജീവമാണ് വിനോദ് കോവൂർ. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒപ്പമെല്ലാം നടൻ അഭിനയിച്ചു കഴിഞ്ഞു. മുൻപൊരിക്കൽ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം കാണിക്കുന്ന സ്നേഹത്തെ കുറിച്ചുമൊക്കെ വിനോദ് വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ഹൃദ്യമായ അനുഭവം പങ്കു വെച്ചെത്തിയിരിക്കുകയാണ് വിനോദ് കോവൂർ.

തന്റെ  ഫേസ്‌ബുക്ക് അകൗണ്ടിൽ പങ്കുവെച്ച വിനോദ് കോവൂരിന്റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. മറിമായം ടീമിന്റെ പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ക്ഷണിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി കാണിച്ച സ്നേഹത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് പോസ്റ്റ്. സംവിധായകൻ സത്യൻ അന്തിക്കാടിനെ കണ്ടതിനെ കുറിച്ചും വിനോദ് ഈ പോസ്റ്റിൽ പറയുന്നുണ്ട്. “കഴിഞ്ഞ ദിവസം ഒരു ഭാഗ്യം ഉണ്ടായി ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ പ്രിയതാരം മെഗാസ്റ്റാർ മമ്മുക്കയുടെ കൂടെയും നിരവധി ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ സത്യൻ സാറിന്റെ കൂടെയും ഒരു പാട് നേരം ചെലവഴിക്കാനും വിശേഷങ്ങൾ പങ്കിടാനും സാധിച്ചു. മറിമായം ടീമിന്റെ പുതിയ സിനിമയായ ‘പഞ്ചായത്ത് ജെട്ടി’ യുടെ പൂജക്ക് ക്ഷണിക്കാനും അനുഗ്രഹം വാങ്ങിക്കാനും പോയതായിരുന്നു ഞങ്ങൾ . മമ്മുക്കയും സത്യൻ സാറും ഞങ്ങളോട് കാണിച്ച സ്നേഹവും പരിഗണനയും പറഞ്ഞറിയിക്കാൻ സാധിക്കില്ല. മലയാള സിനിമയുടെ അഭിമാന താരങ്ങൾക്ക് ഒരായിരം നന്ദി, എന്നാണ് വിനോദ് കോവൂർ കുറിച്ചത്. നിരവധിപേർ ഈ പോസ്റ്റിന് കീഴിൽ  ആശംസകളുമായി എത്തുന്നുണ്ട്. മമ്മൂട്ടിക്ക് ഒപ്പം വർഷം എന്ന ചിത്രത്തിലാണ് വിനോദ് കോവൂർ ആദ്യമായി അഭിനയിച്ചത്.

ആ ചിത്രത്തിനിടെ മമ്മൂട്ടി തന്നെ പ്രാങ്ക് ചെയ്തതിനെ കുറിച്ചൊക്കെ വിനോദ് മുൻപ് പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാറിനെ താൻ പടച്ചോനായാണ് കാണുന്നതെന്നും വിനോദ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. വർഷത്തിൽ അഭിനയിച്ച ശേഷം പടച്ചോൻ എന്നാണ് മമ്മൂട്ടിയുടെ പേര് സേവ് ചെയ്തിരിക്കുന്നതെന്നാണ് വിനോദ് പറഞ്ഞത്. വർഷം എന്ന സിനിമയിൽ അസ്ലം എന്ന എന്റെ കഥാപാത്രം മമ്മൂക്കയോട് സംസാരിക്കുന്ന ഒരു ഡയലോഗുണ്ട്. നീങ്ങളെന്റെ പടച്ചോനാണെന്ന്. ആ സിനിമയ്ക്ക് ശേഷം ഞാന്‍ എന്റെ ഫോണില്‍ മമ്മൂക്കയുടെ പേര്‌ ടൈപ്പ് ചെയ്ത് വെച്ചേക്കുന്നത് പടച്ചോന്‍ എന്നാണ്. അത്രയും വലിയ ഇഷ്ടമാണ് മമ്മൂക്കയോട്. ഇഷ്ടം മാത്രമല്ല ആരാധനയും ബഹുമാനവും എല്ലാമാണ് എന്നാണ് വിനോദ് കോവൂർ പറഞ്ഞത്. ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ വെച്ച് നടന്ന മറ്റൊരു സംഭവവും വിനോദ് പങ്കു വെച്ചിരുന്നു. മമ്മൂക്കയെ ഞാന്‍ എടാ എന്ന് വിളിക്കുന്നൊരു രംഗമുണ്ട്. പക്ഷെ എനിക്ക് അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല. ഒരുപാട് ബഹുമാനിക്കുന്നൊരു നടനെ എങ്ങനെയാണ് എടാ എന്ന് വിളിക്കുക. കഥാപാത്രമല്ലേ വിനോദേ പിന്നെ എങ്ങനെ വിളിക്കാതിരിക്കുമെന്ന് സംവിധായകന്‍ ചോദിച്ചു. അത് വിളിച്ചതിന്റെ പേരില്‍ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു” എന്നാണ് വിനോദ് പറഞ്ഞത്.
അതേസമയം മറിമായം ടീമിലെ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി എന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പൂജയ്ക്ക് ശേഷമാകും കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുക.