ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം!!! പൊട്ടിക്കരഞ്ഞ് നടന്‍ വിശാല്‍

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെയും രാഷ്ട്രീയരംഗത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നിരവധി താരങ്ങളും രാഷ്ട്രീയത്തിലുള്ളവരും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുണ്ട്.

വിജയകാന്തിന്റെ വിയോഗത്തില്‍ മാപ്പ് പറഞ്ഞും പൊട്ടിക്കരഞ്ഞും എത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. വിദേശത്ത് ആയിരുന്നതിനാല്‍ വിജയകാന്തിനെ അവസാനമായി കാണാന്‍ പറ്റാത്തതതിലെ ദു:ഖമാണ് വിശാല്‍ പങ്കുവച്ചത്.

‘ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് താങ്കള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വമാണ്. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്.

താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ ഭക്ഷണം നല്‍കും. താങ്കള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. രാഷ്ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നു. നടികര്‍ സംഘത്തിന് താങ്കള്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കള്‍ക്ക് അതിന് സാധിച്ചു. ഞാന്‍ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു, എന്നാല്‍ വിശാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

അസുഖത്തെ തുടര്‍ന്ന് വിജയകാന്ത് കഴിഞ്ഞ കുറച്ചുനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം ശ്വാസകോശരോഗം ഗുരുതരമായിരുന്നു, ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ താരം ആരോഗ്യവാനായി തിരിച്ചെത്തിയിരുന്നു. ഇന്നലെ വീണ്ടും ആരോഗ്യം മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന് ഇന്ന് കോവിഡും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

150 ഓളം സിനിമകളിലൂടെ തമിഴ്‌നാടിന്റെ ക്യാപ്റ്റനായി മാറിയ നടനാണ് വിജയകാന്ത്. 1970 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ആക്ഷന്‍ ഹീറോയായിരുന്നു താരം. പുരട്ച്ചി കലൈഞ്ജര്‍, ക്യാപ്റ്റന്‍ എന്നൊക്കെ അദ്ദേഹത്തിന്റെ തമിഴക രാഷ്ട്രീയത്തിലെ വിളിപ്പേരുകളാണ്.