‘വശപിശക് പോസ്റ്റുകൾ കണ്ട് അറിയിച്ചവർക്ക് നന്ദി’; 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചുവെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചതായി നടനും സംവിധായകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഹാക്കർ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലോ​ഗിൻ ചെയ്തത് പാകിസ്ഥാനിൽ നിന്നാണെന്നാണ് വിഷ്ണു പറയുന്നത്. 24…

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചതായി നടനും സംവിധായകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഹാക്കർ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലോ​ഗിൻ ചെയ്തത് പാകിസ്ഥാനിൽ നിന്നാണെന്നാണ് വിഷ്ണു പറയുന്നത്. 24 മണിക്കൂറിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കാൻ ഒപ്പം നിന്നവർക്ക് താരം നന്ദി അറിയിച്ചു.

”എന്റെ ഫേസ്ബുക് പേജ് തിരികെ ലഭിച്ചു. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി പെട്ടന്ന് എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി അറിയിക്കുന്നു. കഴിഞ്ഞ ദിവസം മുതൽ എന്റെ പേജ് ആരോ ഹാക്ക് ചെയ്തെടുത്ത്‌ പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ്‌ ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്‌ക്കുകയും ചെയ്തതായി അറിയാൻ സാധിച്ചു.

ഇന്നലെ രാത്രി തന്ന വിവരം സൈബർ സെല്ലിൽ അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്‌ക്കും (ജിനു ബെൻ), ജിയാസ് ജമാലിനും ഒരു ആയിരം നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനിൽ നിന്നാണ്,’ വിഷ്ണു കൂട്ടിച്ചേർത്തു.