വീടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങി, രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ!!! ചെന്നൈയില്‍ സഹായം അഭ്യര്‍ഥിച്ച് വിഷ്ണു വിശാലും കനിഹയും

മിഗ്‌ജോം ചുഴലിക്കാറ്റ് ചെന്നൈയെ വെള്ളത്തിലാഴ്ത്തിയിരിക്കുകയാണ്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. മഴ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ല. ഇപ്പോഴിതാ നടന്‍ വിഷ്ണു വിശാലും നടി കനിഹയും വെള്ളപ്പൊക്കത്തില്‍ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രം…

മിഗ്‌ജോം ചുഴലിക്കാറ്റ് ചെന്നൈയെ വെള്ളത്തിലാഴ്ത്തിയിരിക്കുകയാണ്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. മഴ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ല. ഇപ്പോഴിതാ നടന്‍ വിഷ്ണു വിശാലും നടി കനിഹയും വെള്ളപ്പൊക്കത്തില്‍ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്.

വെള്ളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് വിഷ്ണു വിശാല്‍. വീടിന്റെ ടെറസില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. തന്റെ വീട്ടിലും വെള്ളം കയറിത്തുടങ്ങിയെന്നും സഹായം തേടിയിട്ടുണ്ടെന്നും വിഷ്ണു പറയുന്നു.

വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാന്‍ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്‌നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥയാണ്. ടെറസിന് മുകളില്‍ മാത്രമാണ് ഫോണിന് സിഗ്‌നല്‍ ലഭിക്കുന്നതെന്നും താരം പറയുന്നു.

താനുള്‍പ്പടെയുള്ളവര്‍ക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ് എന്നാണ് വിഷ്ണു വിശാല്‍ ഇന്ന് ഉച്ചയോടെ എക്‌സില്‍ കുറിച്ചത്.

നടി കനിഹയും തന്റെ ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും കനിഹ സ്‌റ്റോറിയായി കുറിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം തന്നെ നടന്‍ റഹ്‌മാന്‍ ചുഴലിക്കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. തന്റെ ഫ്‌ളാറ്റിന്റെ താഴെ കൂടെ കാറുകള്‍ ഒഴുകിപ്പോകുന്നതായിരുന്നു വീഡിയോ. നടന്‍ വിശാല്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.