ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക്…ആ കൈമാക്‌സ് തന്നെ പ്രജീഷിന്റെ ജീവനും എടുത്തു!!!

ആദ്യമായി ജീവിതത്തില്‍ അഭിനയിച്ച സിനിമയുടെ കഥ തന്നെ ജീവിതത്തില്‍ അറംപറ്റി, നോവായിരിക്കുകയാണ് വയനാട്ടിലെ പ്രജീഷ്. വയനാട് വാകേരി കൂടല്ലൂരില്‍ കടുവ ആക്രമിച്ച് കൊന്ന പ്രജീഷിന്റെ ജീവിതത്തിലുണ്ടായത് സിനിമാക്കഥ തന്നെ അറം പറ്റുകയായിരുന്നു. ആദ്യമായി ക്യാമറക്ക്…

ആദ്യമായി ജീവിതത്തില്‍ അഭിനയിച്ച സിനിമയുടെ കഥ തന്നെ ജീവിതത്തില്‍ അറംപറ്റി, നോവായിരിക്കുകയാണ് വയനാട്ടിലെ പ്രജീഷ്. വയനാട് വാകേരി കൂടല്ലൂരില്‍ കടുവ ആക്രമിച്ച് കൊന്ന പ്രജീഷിന്റെ ജീവിതത്തിലുണ്ടായത് സിനിമാക്കഥ തന്നെ അറം പറ്റുകയായിരുന്നു. ആദ്യമായി ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അത് തന്നെ ജീവിതത്തിലും അനുഭവിക്കേണ്ടി വരുമെന്ന് പ്രജീഷ് ചിന്തിച്ചിട്ടുണ്ടാവില്ല.

ഒരു കൊമേഴ്സ്യല്‍ സിനിമയുടെ ഭാഗമായിട്ടാണ് സംവിധായകനും ക്യാമറമാനുമായ ജോഷ്വാ റൊണാള്‍ഡും സ്റ്റണ്ട് ഡയറക്ടര്‍ രാജന്‍ ഗുരുക്കളും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍ ചെങ്ങന്നൂരും വാകേരിയിലെത്തുന്നത്. ജിനേഷിന്റെ ഫാം ഹൗസിലായിരുന്നു അവരുടെ താമസം. ഇതിനിടെ ഹ്രസ്വചിത്രവും എടുത്തു. വാകേരിയും കൂടല്ലൂരും അനുഭവിക്കുന്ന വന്യമൃഗശല്യവും പ്രയാസങ്ങളും ചര്‍ച്ച ചെയ്തിരുന്നു. തിരക്കഥ ആ രാത്രി തന്നെ എഴുതി പൂര്‍ത്തിയാക്കി.

ഒരു നാട്ടില്‍ കടുവ ഇറങ്ങുന്നു. ഈ കടുവ ജനത്തിന് ഭീഷണിയാവുന്നു. കടുവയെ വെടി വെച്ചുകൊല്ലാന്‍ പുറത്തുനിന്ന് ആളുകളെ വിളിക്കുന്നു. ക്ലൈമാക്‌സില്‍ നാട്ടില്‍ തന്നെയുള്ള പ്രമാണിയെ കടുവ കൊല്ലുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.

നാട്ടുകാര്‍ തന്നെയായിരുന്നു അഭിനേതാക്കളും. ഒക്ടോബര്‍ നാലിന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഷൂട്ടിങിനിടെയാണ് പശുവിന് പുല്ലരിഞ്ഞ് ജീപ്പില്‍ മടങ്ങുന്ന പ്രജീഷിനെ ജനീഷ് കാണുന്നത്. ഉടനെ ജീപ്പ് തടഞ്ഞ് പ്രജീഷിനെയും അഭിനയിപ്പിച്ചു. ഒരു മടിയുമില്ലാതെ പ്രജീഷ് അഭിനയിച്ചു. പിന്നീട് പശുവിനെ കറക്കാനുണ്ടെന്ന് പറഞ്ഞ് മടങ്ങി.

അന്ന് ഷൂട്ടിങ്ങിന് ധരിച്ച കാവി മുണ്ടും ചുവന്ന ടീഷര്‍ട്ടും തന്നെയായിരുന്നു യഥാര്‍ഥത്തിലും അന്ത്യനിമിഷത്തില്‍ പ്രജീഷ് ധരിച്ചിരുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ തീരാ ദു:ഖത്തിലാഴ്ത്തി പ്രജീഷ് യാത്രയായത്.