എന്താണിത്? കല്യാണമോ അതോ കോപ്രായങ്ങളോ?

കല്ല്യാണ ചെക്കനെ ശവപ്പെട്ടിയിൽ സുഹൃത്തുക്കൾ ആനയിച്ചുകൊണ്ടു വരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി ശവപ്പെട്ടി ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിന് കാണേണ്ടിവന്നു. കല്ല്യാണ തമാശകൾ ശവപ്പെട്ടി വരെയെത്തി എന്നത് നമ്മുടെയൊക്കെ കുറ്റകരമായ മൗനം കൊണ്ടുമാത്രമാണ്. വിവാഹം എന്ന…

കല്ല്യാണ ചെക്കനെ ശവപ്പെട്ടിയിൽ സുഹൃത്തുക്കൾ ആനയിച്ചുകൊണ്ടു വരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി ശവപ്പെട്ടി ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിന് കാണേണ്ടിവന്നു. കല്ല്യാണ തമാശകൾ ശവപ്പെട്ടി വരെയെത്തി എന്നത് നമ്മുടെയൊക്കെ കുറ്റകരമായ മൗനം കൊണ്ടുമാത്രമാണ്. വിവാഹം എന്ന വാക്കുതന്നെ ഏതു മനുഷ്യനും ദൈവീക ഭാവമായാണ് കാണുന്നത് കുടുംബവും, കൂട്ടവും, സുഹൃത്തുക്കളും കാരണവന്മാരുടെയും ഒക്കെ അനുഗ്രഹത്തിനു മുന്നിൽ നിന്ന് ദൈവത്തെ സാക്ഷിയാക്കി ഒരു കുടുംബത്തിലെ ആണും മറ്റൊരു കുടുംബത്തിലെ പെണ്ണും ആചാര പ്രകാരം ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്ന മംഗള കർമ്മം.

കാലാകാലങ്ങളായി തുടരുന്ന മനുഷ്യ ജീവിതത്തിലെ ഏറ്റവും ധന്യമായ ഈ ചടങ്ങിന്ന് തിരിച്ചറിവും, വെളിവുമില്ലാത്ത ചിലരുടെ ഇടപെടലുകളാൽ നിറംകെട്ടു പോകുന്നുണ്ടെന്നത് ദു:ഖകരമായ വസ്തുതയാണ്. ഈ അടുത്ത കാലത്തായി എത്രയധികം ആഭാസങ്ങളാണ് കല്ല്യാണ തമാശകളാണെ പേരിൽ നാം കണ്ടത്. വരന്റെ സുഹൃത്തുക്കൾ വധുവിന് താലി ചാർത്തി അടിപിടിയിൽ കലാശിച്ച സംഭവം ഓർമ്മിപ്പിക്കട്ടെ ഇതിൽ എന്ത് തമാശയാണുള്ളത്. ഒന്നിക്കേണ്ട കുടുംബങ്ങൾ അന്നുതന്നെ പോലീസ്റ്റേഷനിൽ കയറേണ്ടിവന്നു അത്രതന്നെ. കല്ലാണ തമാശകളായി എത്രയധികം ക്രൂരമായ കലാപരിപാടികളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് ഭക്ഷണത്തിൽ ഉപ്പുവാരിയിടുക, കോളയിൽ മദ്യം ചേർത്ത് കുടിപ്പിക്കുക, മുളകു തീറ്റിക്കുക, ചെക്കന്റെയും, പെണ്ണിന്റെയും വലിയ ഫ്ലക്സടിച്ച് തമാശയാണെന്ന ഭാവത്തിൽ കുറേ ആഭാസമെഴുതി അങ്ങാടിയിൽ ഒട്ടിക്കുക, തിരിച്ചറിയാത്ത വിധം ചായം വാരിപ്പൂശൂക, കിലോമീറ്ററുകളോളം നടത്തിപ്പിക്കുക, തീരെ വയ്യെങ്കിലും കുഴഞ്ഞുവീഴുവോളം ഡാൻസ് കളിപ്പിക്കുക, ബക്കറ്റിൽ വെള്ളം മുക്കി തല വഴി ഒഴിക്കുക, നിങ്ങൾ കണ്ടതും കേട്ടതും അറിഞ്ഞതുമായ അനുഭവങ്ങളും ചേർത്തു വായിക്കുക.

ആദ്യരാത്രിയിൽ സുഹൃത്തുക്കൾ തമാശക്കുവേണ്ടി റൂമിലേക്ക് പൈപ്പുവഴി വെള്ളം തുറന്ന് വിട്ടതും തമാശ കാര്യമായി വരൻ ഒരു രാത്രി മുഴുമിപ്പിക്കാതെ ഷോക്കേറ്റ് മരിച്ചതും, വധു വർഷങ്ങളോളം കിടന്ന് ഒടുക്കം വിധിക്കു കീഴടങ്ങിയതും ഈ കേരളം മറന്നു കാണില്ല. എല്ലാവരും ഒരു തമാശക്കോ ഓർത്തുവെക്കാനുള്ള രസകരമായ ചില നിമിഷങ്ങൾക്കോ മാത്രമായോ ആയിരിക്കാം ഇതൊക്കെ ചെയ്യുന്നത് പക്ഷെ ആ രസങ്ങൾക്കും അപ്പുറം ജീവിതം എന്ന വസ്തുതകൂടിയുണ്ട്. ചിട്ടി പിടിച്ചും, കടം വാങ്ങിയും, കാലു പിടിച്ചും ശേഷിക്കുന്ന കാലം കടക്കാരനായുമായാണ് പല അച്ഛൻമ്മാരും പെൺമക്കളെ കെട്ടിച്ചു വിടുന്നത് .ആധിപിടിച്ചു നടക്കുന്ന അച്ഛനും അമ്മക്കും ഈ തമാശകൾ മനസ്സിലായെന്നുവരില്ല. നിങ്ങൾ നല്ലൊരു സുഹൃത്താണെങ്കിൽ ആ കുടുംബത്തിനെ നിങ്ങളാൽ സഹായിച്ച് അവരുടെ സന്തോഷത്തിൽ പങ്കുചേരുക. കല്ല്യാണത്തിന് എല്ലാ നല്ല രീതിയിലുള്ള തമാശകളുമാവാം ആസ്വദിക്കാം പക്ഷെ അതൊരിക്കലും നാടിനെയും, വീട്ടുകാരെയും വേദനിപ്പിച്ചാവരുത്. പെണ്ണിറങ്ങുംവരെ ആധിപേറുന്ന ഒരച്ഛനോ, അമ്മയോ, ഏട്ടനോ നാളെ നിങ്ങളും കൂടിയാണ് മറക്കരുത്.

കടപ്പാട്: പ്രജീഷ് കോട്ടക്കൽ.