പലതവണ ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിച്ച് പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ടു

രണ്ടര വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ കുഞ്ഞിനെ അവള്‍ പ്രസവിച്ചു!

ന്യൂയോര്‍ക്ക്: 2014 ഡിസംബര്‍ പെ ഷിയ ചെന്‍ എന്ന 32കാരിക്ക് ദുഖത്തിന്റെ നാളുകളായിരുന്നു. അവളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ഭര്‍ത്താവ് അവളെ വിടവാങ്ങിയ മാസം. എന്നാല്‍ ഭര്‍ത്താവ് വിടവാങ്ങി രണ്ടര വര്‍ഷത്തിനു ശേഷം അവളെത്തേടി സന്തോഷം എത്തിയിരിക്കുന്നു. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ അവളുടെ വയറ്റില്‍ വളര്‍ന്ന് ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തിരിക്കുന്നു.

രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ട ന്യൂയോര്‍ക്ക് പോലീസ് ഓഫീസര്‍ വെന്‍ജിയാന്‍ ലിയു ആയിരുന്നു പെ ഷിയയുടെ ഭര്‍ത്താവ്. വെന്‍ജിയാന്‍ തന്നെ വിട്ട് പോയെന്ന് വിശ്വസിക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വെന്‍ജിയാന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ അവള്‍ ആഗ്രഹിച്ചു. പെ ഷിയയുടെ ആഗ്രഹത്തിന് വൈദ്യശാസ്ത്രവും കൂട്ടുനിന്നപ്പോള്‍ വെന്‍ജിയാന്റെ പരമ്പരയ്ക്ക് തുടര്‍ച്ചയുണ്ടാവുകയായിരുന്നു. അങ്ങനെ സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന് ഷിയ ജന്മം നല്‍കി. അവളെ ആഞ്ജലീന എന്നു വിളിച്ചു.

വെന്‍ജിയാന്റെ ശവസംസ്‌കാരത്തിന് മുമ്പുതന്നെ ഷിയയുടെ നിര്‍ദ്ദേശപ്രകാരം മൃതശരീരത്തില്‍ നിന്ന ബീജം ശേഖരിച്ചിരുന്നു. പലതവണ ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിച്ച് പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ പിന്‍മാറാന്‍ ഷിയ തയ്യാറായിരുന്നില്ല. തന്റെ പരമ്പര ഇല്ലാതാകുമെന്ന ദു:ഖത്തിലായിരുന്ന വെന്‍ജിയന്റെ മാതാപിതാക്കളെയും ഷിയ ഇത് അറിയിച്ചിരുന്നില്ല.

ആഞ്ജലീനയുടെ ജനന ശേഷമാണ് ഒരു പേരക്കുട്ടി ജന്മമെടുത്ത വിവരം അവര്‍ അറിഞ്ഞത്. അതീവ സന്തോഷത്തോടെ ഓടിയെത്തിയ അവര്‍ തന്റെ മകന്റെ കുഞ്ഞിനെ വാരിയെടുത്ത് പൊട്ടിക്കരഞ്ഞു. വെന്‍ജിയാന്‍ മരിച്ചിട്ടില്ലെന്നും ഇവളിലൂടെ ജീവിക്കുന്നു, എന്നുമായിരുന്നു ആഞ്ജലീനയെ കണ്ട ശേഷം വെന്‍ജിയന്റെ പിതാവ് പറഞ്ഞത്. വെന്‍ജിയാന്റെ കുഴിമാടത്തിലെത്തി, നിറകണ്ണുകളോടെ, പുഞ്ചിരിച്ചുകൊണ്ട് ഷിയ പറയുന്നു, ‘ഇതാ നമ്മുടെ കുഞ്ഞ് ആഞ്ജലീന’.