മീന്‍ കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ചത്ത് വീണത് 28 പൂച്ചകള്‍;മീനില്‍ വിഷാംശമെന്ന് സംശയം

മീനില്‍ വിഷാംശമെന്ന് സംശയം. മീന്‍ തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു മാസം മുന്‍പ് കജനാപ്പാറയില്‍ 28 പൂച്ചകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. അറക്കുളം മൈലാടി വിഴുക്കപ്പാറയില്‍ ഷാജി വളര്‍ത്തുന്ന 16 പൂച്ചകളില്‍ എട്ടെണ്ണവും ചത്തുവീണു. വിഷാംശം അകത്തുചെന്നതോ വൈറസ് ബാധയോ ആണ് പൂച്ചകളുടെ മരണകാരണമെന്നാണ് നിഗമനം.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകളെയാണ് ഷാജി സംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പൂച്ചകള്‍ക്ക് കൊടുക്കാനായി ഷാജി മത്തിയും അയലയും വാങ്ങിയിരുന്നു. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് വണ്ണപ്പുറത്തെ മത്സ്യവില്‍പ്പനശാലയില്‍ ഈച്ചയെ അകറ്റാന്‍ കീടനാശിനി സ്‌പ്രേ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മത്സ്യത്തിലേക്ക് കീടനാശിനി തളിച്ചു കഴിഞ്ഞാല്‍ വളരെക്കാലം സൂക്ഷിക്കാം എന്നതാണ് വില്‍പ്പനക്കാര്‍ കാണുന്ന ലാഭം. അമോണിയയാണ് സാധാരണ മീനുകളില്‍ പ്രയോഗിക്കാറുള്ളത്. 20 ദിവസം വരെ പഴക്കമുള്ള മീനുകള്‍ വില്‍പ്പനയ്ക്ക് വരാറുണ്ടെന്നുള്ളതാണ് സത്യം. ഇത്തരം മീനുകള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങള്‍ മനുഷ്യര്‍ക്കും പിടിപ്പെടാം. വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടല്‍, അള്‍സര്‍, കുടല്‍ രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ വരെ ഉണ്ടാകാനുള്ള സാധ്യയുണ്ട്.

മത്സ്യം വാങ്ങുമ്പോള്‍ ആദ്യം അതിന്റെ കണ്ണ് നോക്കുക. തിളക്കമാര്‍ന്ന കണ്ണും ചെറിയ ചുവപ്പു കളറും കാണുന്നുവെങ്കില്‍ അത് ഫ്രഷാണെന്ന് മനസിലാക്കാം. വിളറിയതും അല്‍പം മഞ്ഞകളറുമുള്ള കണ്ണാണെങ്കില്‍ അത് പഴക്കംചെന്നതാകാം. കൂടാതെ ചെകിളപൂക്കള്‍ പരിശോധിക്കാം. രക്തത്തിന്റെ നിറമാണോയെന്ന് നോക്കണം. മത്സ്യം പഴകുംതോറും ചെകിളപൂക്കളുടെ നിറം ഇരുണ്ട നിറമാകും. ഏറ്റവും കൂടുതല്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് ചെമ്മീനിലാണ്. തല ഭാഗം വളച്ച് നോക്കി പെട്ടെന്ന് വിട്ടു പോകുന്നെങ്കില്‍ കുഴപ്പമുള്ളതാണെന്ന് മനസിലാക്കാം.