50 കോടിയില്‍ ‘കൊടുമണ്‍ പോറ്റി’!!

ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് ബോക്‌സോഫീസില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തിയത്. അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകന്‍. കൊടുമണ്‍ പോറ്റിയായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ഇപ്പോഴിതാ തിയ്യേറ്ററിലെത്തി 10 ദിവസം കൊണ്ട് ചിത്രം ഭ്രമയുഗം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല വിദേശത്ത് നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 19 കോടിയാണ് ഭ്രമയുഗത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയ്യേറ്ററിലെത്തിയിട്ടുണ്ട്.

കൊടുമണ്‍ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ കഥ. അമാല്‍ഡ ലിസ്, മണികണ്ഠന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിച്ചത്.