പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് വീടായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം!!

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ നിരവധി പേരെ രക്ഷപ്പെടുത്തി മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന് വീട് എന്ന സ്വപ്‌നം സഫലമാക്കി മഹാനടന്‍ മോഹന്‍ലാല്‍. തന്റെ പിറന്നാള്‍ ദിനത്തിലാണ് ലാലേട്ടന്റെ കാരുണ്യ പ്രവൃത്തി.

മോഹന്‍ലാലിന്റെ ജീവകാരുണ്യ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷനാണ് ലിനുവിന്റെ സ്വപ്‌നം സഫലമാക്കിയത്.വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയില്‍പ്പെടുന്ന രണ്ടാമത്തെ വീടാണ് ലിനുവിന് വേണ്ടി നിര്‍മ്മിച്ചത്.

പ്രളയത്തില്‍ അകപ്പെട്ട സഹജീവികളെ രക്ഷിക്കുന്നതിനിടെയാണ് ലിനുവിന് സ്വന്തം ജീവന്‍ നഷ്ടമായത്. ലിനുവിന്റെ കുടുംബത്തിന് പുതിയ ഭവനത്തിന്റെ താക്കോല്‍ മോഹന്‍ലാലും ഭാര്യ സുചിത്ര മോഹന്‍ലാലും ചേര്‍ന്നാണ് കൈമാറിയത്. വിശ്വശാന്തി മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി, ഡയറക്ടര്‍ സജീവ് സോമന്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

ലിനുവിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. ലിനുവിന്റെ വിയോഗത്തിന് ശേഷം വിശ്വശാന്തി പ്രവര്‍ത്തകര്‍ കുടുംബത്തെ സന്ദര്‍ശിച്ചാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്.