സ്കൂൾ യൂണിഫോമിൽ ഷംന കാസിം ; കമന്റടിച്ച് ആരാധകർ 

ചട്ടക്കാരി അടക്കമുള്ള മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയായി ഹൃദയം കവർന്ന മലയാളി മോഡലും  ഡാൻസറുമാണ് ഷംന കാസിം. ഇപ്പോഴിതാ ഷംന കാസിം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്കൂൾ യൂണിഫോം ധരിച്ച് നിൽക്കുന്ന ഷംനയാണ് ചിത്രങ്ങളിൽ ഉള്ളത്. ഇരുവശങ്ങളിലായി മുടി മെടഞ്ഞിട്ട് വെള്ളയും നീലയും കലർന്ന യൂണിഫോം ധരിച്ച് സോക്സും ഇട്ട് നിൽക്കുന്ന ഷംനയെ കാണാൻ യഥാർത്ഥത്തിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പോലെയുണ്ടെന്നാണ് ഫോട്ടോ വൈറലായതോടെ ആരാധകർ പറയുന്നത്. സ്‌കൂള്‍ കാലത്തെ എന്റെ മനോഹര ഓര്‍മകളിലേക്ക് മടങ്ങിപ്പോകുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിയ്ക്കുന്നത്. സെന്റ് തെരേസാസ് സ്‌കൂളിലെ യൂണിഫോമാണ് വൈറലായ ചിത്രത്തിൽ താരം ധരിച്ച് നില്‍ക്കുന്നത്. ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഷംനയ്ക്ക് ഒപ്പം ഒരു പെൺകുട്ടിയും അതേ യൂണിഫോം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. ക്യൂട്ട് സ്മൈല്‍, ക്യൂട്ട് ലുക്ക്, ഞങ്ങള്‍ക്കും സ്‌കൂള്‍ കാലം ഓര്‍മവരുന്നു, കുട്ടി ഏത് സ്‌കൂളിലാ പഠിയ്ക്കുന്നത്, ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് പറയില്ല. യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനിയെ പോലെയുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ടും ചോദിച്ചു കൊണ്ടും നിരവധി കമന്റുകളാണ് ഷംനയ്ക്ക് ലഭിച്ചിരിക്കുന്നത്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും ഷംനയ്ക്ക് ആരാധകർ ഏറെയും തമിഴിലും തെലുങ്കിലുമാണ്. അന്യഭാഷകളിൽ താരം പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദുബായിൽ സെറ്റിൽഡായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. അടുത്തിടെയാണ് ഷംനയ്ക്ക് ഒരു മകൻ പിറന്നത്. ഹംദാൻ എന്നാണ് മകന് ഷംന പേരിട്ടിരിക്കുന്നത്. മകന്റെ വരവോടെ ഷംന അമ്മ റോളിലും തിളങ്ങാൻ തുടങ്ങി. ഷംനയും കു‍ടുംബവറും ഇപ്പോൾ ദുബായിലാണ് താമസം. തന്റെ ആരാധകരോട് സംവദിക്കാനും അവരുമായി വിശേഷങ്ങൾ പങ്കിടാനുമായി മൈ സെൽഫ് ചിന്നാട്ടി എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ കൂടി ഷംനയ്ക്ക് സ്വന്തമായുണ്ട്. ​​​ഗർഭകാലത്തെയും പ്രസവത്തിന്റെയും മകന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങളെല്ലാം ഷംന യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റ​ഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ വഴിയും ആരാധകരിൽ എത്തിക്കാറുണ്ട്. കണ്ണൂരിലാണ് ഷംന ജനിച്ചതും വളർന്നതും. അതുകൊണ്ട് തന്നെ താരത്തിന്റെ സ്കൂൾ ജീവിതം കണ്ണൂരിലെ സെന്റ് തെരേസാസിലായിരുന്നിരിക്കണം. മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് ഷംന സിനിമയിലെത്തിയത്.

പിന്നീട് നിരവധി സിനിമകളിൽ സഹനടിയായി. ശേഷം ചട്ടക്കാരിയിലൂടെ നായികയുമായി താരം. മൂന്നാം ക്ലാസ്മുതല്‍ നൃത്തരംഗത്തുണ്ട് ഷംന. സിനിമയുടെ അകത്തളത്തിലേക്ക് താരത്തെ എത്തിച്ചതും നൃത്തമാണ്. സിനിമയുടെ ഇടവേളകളില്‍ ലോകത്തിന്റെ പലകോണുകളിലേക്കും നൃത്തത്തിനായിപ്പറക്കുന്ന ഷംന സ്റ്റേജ് ഷോകളിലെ നമ്പര്‍വണ്‍ താരമാണ്. താരം അമൃത ടി.വി സൂപ്പര്‍ ഡാന്‍സര്‍ വിജയിയും ഭരതനാട്യം, റോളര്‍ സ്‌കേറ്റിങ് എന്നിവയില്‍ ദേശീയ അവാര്‍ഡുകളും നേടിയിരുന്നു. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബമായിരുന്നു ഷംനയുടേത്. വാരികയില്‍ വന്ന ഷംനയുടെ ചിത്രം കണ്ടാണ് ആന്റോ ജോസഫ് മഞ്ഞുപോലൊരു പെണ്‍കുട്ടിയെന്ന സിനിമയിലേക്ക് വിളിക്കുന്നത്. പച്ചക്കുതിരയാണ് ഷംനയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. ഗോപികയുടെ അനുജത്തിയുടെ വേഷമായിരുന്നു ഷംനയ്ക്ക് പച്ചക്കുതിരയിൽ. അവിടെ നിന്ന് നേരേ തമിഴ് തെലുങ്ക് സിനിമാ ലോകത്തേക്കായിരുന്നു യാത്ര. ഷംനയെന്ന പേര് തെറ്റിച്ചാണ് അവിടെ പലരും ഉപയോഗിക്കുന്നത്. അതു കൊണ്ടാണ് അന്യ ഭാഷയിലേക്ക് പോയപ്പോൾ പൂര്‍ണയെന്ന പേര് ഷംന സ്വീകരിച്ചത്. വിവാഹ ശേഷവും നൃത്തവും അഭിനയവും തുടർന്ന് കൊണ്ട് പോകാൻ ഷംനയ്ക്ക് ഭർത്താവിന്റെ പിന്തുണയുണ്ട്. മകനെ ​​ഗർഭിണിയായിരുന്നപ്പോൾ പോലും താരം നൃത്തം ചെയ്യാറുണ്ടായിരുന്നു.