ചരിത്രനേട്ടം ആഘോഷിക്കാൻ പുതുമയുള്ള പോസ്‌റ്ററുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്

മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച നിവിൻ പോളി – ഗിരീഷ് എ.ഡി – മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടി. ചിത്രത്തിന്റെ ചരിത്രനേട്ടം ആഘോഷിക്കാൻ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ട പുതിയ പോസ്റ്ററാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്.

വലിയ വിജയ ചിത്രങ്ങൾ വരുമ്പോൾ താരങ്ങളുടെ മുഖങ്ങൾ മാത്രം പോസ്റ്ററുകളിൽ ഉൾപ്പെടുത്തുന്ന പതിവ് രീതിക്ക് വിരുദ്ധമായി, ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകിക്കൊണ്ടാണ് പുതിയ 300 കോടി പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

സംവിധായകൻ ഗിരീഷ് എ.ഡി, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഛായാഗ്രാഹകൻ അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവരുടെ ചിത്രങ്ങളാണ് ഈ പ്രത്യേക പോസ്റ്ററിലുള്ളത്. നിർമ്മാതാക്കളുടെ ഈ മാതൃകാപരമായ നീചത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ ചിത്രം, റിലീസ് ചെയ്ത് 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. നിവിൻ പോളിക്കൊപ്പം സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ജിസിസി രാജ്യങ്ങളിലും ചിത്രം വൻ വിജയം നേടി മുന്നേറുകയാണ്.