കാളിദാസിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍!! രജനി എട്ടിന് തിയ്യേറ്ററിലേക്ക്

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രനാണ് കാളിദാസ് ജയറാം. മലയാളത്തില്‍ ബാലതാരമായെത്തിയ താരം നായകനായും മലയാളത്തിലും തമിഴിലും സജീവമാണ്. കാളിദാസ് നായകനാവുന്ന പുതിയ ചിത്രമാണ് രജനി. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് രജനി. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഈ മാസം എട്ടിന് രജനി തിയ്യേറ്ററില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. നമിതാ പ്രമോദ്, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രജനി. ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രജനിയുടെ ട്രെയിലര്‍ മുന്‍പ് പുറത്ത് വന്നിരുന്നു. ഒരേ സമയം ആകാംക്ഷയും ഉദ്വേഗവും നല്‍കുന്നതായിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് തന്നെ ആരാധകര്‍ നല്‍കിയത്. കാളിദാസിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും രജനിയിലെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, അശ്വിന്‍ കുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, രമേശ് ഖന്ന, വിന്‍സെന്റ് വടക്കന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.