ധ്യാന്‍ ശ്രീനിവാസന് പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് ചീനാ ട്രോഫി. അനില്‍ ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചീനാ ട്രോഫി. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന് കുട്ടി, വരദ, ബിട്ടു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനറാണ് ചീനാ ട്രോഫി. ആരാധകലോകം ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്ലിന് മേരി ജോയ്, ലിജോ ഉലഹന്നാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ചുള്ള ബിജെപി നേതാവ് സന്ദീപ് ജി വാര്യരുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാന്‍ അവര്‍ കാണിച്ച ചങ്കുറപ്പുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സന്ദീപ് വാര്യര്‍ കുറിച്ചു.
ചീനാ ട്രോഫി എന്ന ധ്യാന്‍ ശ്രീനിവാസന് സിനിമ ഇന്നലെ കണ്ടു, ചെറിയ പടമാണ്, കുറച്ച് തമാശകള്‍ ഒക്കെ ഉള്ള ഒരു ഫീല്‍ ഗുഡ് മൂവി, പക്ഷേ എന്നെ ആകര്‍ഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാന്‍ അവര്‍ കാണിച്ച ചങ്കുറപ്പുമാണ്.
മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ, ചൈന ടിബറ്റില്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയില്‍, അതിഷ്ടമായി, അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാല്‍ കുറച്ച് നേരം ചിരിക്കാം എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.