90 ശതമാനം ആളുകള്‍ക്കും പാസ്‌പോര്‍ട്ടില്ല, വിമാനത്തില്‍ കയറിയിട്ടില്ല!! ഫൈറ്ററിന്റെ മോശം പ്രകടനത്തിന്റെ കാരണമെന്ന് സിദ്ധാര്‍ത്ഥ് ആനന്ദ്

പത്താന്റെ വന്‍ വിജയത്തിന് ശേഷം ഹൃതിക് റോഷനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റര്‍. എന്നാല്‍ ചിത്രത്തിന് ബോക്‌സോഫീസില്‍ വന്‍ നേട്ടത്തിലെത്താന്‍ ആയിട്ടില്ല. പത്താന്‍ മുന്നില്‍ വച്ച വന്‍ പ്രതീക്ഷ ചിത്രത്തിന് നിലനിര്‍ത്താനായിട്ടില്ല. അതേസമയം ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്.

ചിത്രത്തിന് ബോക്‌സോഫീസില്‍ തിളങ്ങാന്‍ പറ്റാത്തതിന്റെ കാരണമാണ് സിദ്ധാര്‍ത്ഥ് പങ്കുവയ്ക്കുന്നത്. 90 ശതമാനം ഇന്ത്യാക്കാരും വിമാനത്തില്‍ കയറാത്തതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്നാണ് സംവിധായകന്റെ വിചിത്രമായ കണ്ടെത്തല്‍.

‘ഫൈറ്റര്‍ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇന്ത്യയിലെ സിനിമാനിര്‍മാതാക്കള്‍ ഇത്തരം ഴോണറുകള്‍ പരീക്ഷിക്കണം. അധികം ആരും പരീക്ഷിക്കാത്ത തരത്തിലുള്ള തികച്ചും പുതിയതാണ് ഇത്തരം സിനിമകള്‍. പ്രേക്ഷകര്‍ക്കും ഇതില്‍ വലിയ റഫറന്‍സൊന്നും ഇല്ല. അവര്‍ നോക്കുമ്പോള്‍ കാണുന്നത് വലിയ താരങ്ങളെയും, കൊമേഴ്‌സ്യല്‍ സംവിധായകനെയും മാത്രമാണ്. ഇതിനിടയില്‍ ഈ ഫ്‌ളൈറ്റുകള്‍ക്ക് എന്താ കാര്യമെന്നാണ് ജനം വിചാരിക്കുന്നത്.

അതിന്റെ കാരണം, നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്ക് പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തില്‍ കയറിയിട്ടില്ലാത്തതു കൊണ്ടും എയര്‍പോര്‍ട്ടില്‍ കയറാത്തതുകൊണ്ടുമാണ്. അങ്ങനെയുള്ളപ്പോള്‍ ആകാശത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് മനസിലാകില്ല, അന്യഗ്രഹജീവിയെ കാണുന്ന പോലെയാണ് പ്രേക്ഷകര്‍ ചിത്രം കാണുന്നത്. ഫ്‌ളൈറ്റുകള്‍ തമ്മിലുള്ള ആക്ഷന്‍ കാണിക്കുന്ന സമയത്ത് ഇവിടെ വലിയൊരു വിഭാഗം ആളുകള്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്ത, വിമാനത്തില്‍ കയറാന്‍ പറ്റാത്തവരാണ്. അവര്‍ക്ക് ഈ ആക്ഷന്‍ സീനുകളില്‍ ‘എന്താ ഉണ്ടാവുന്നതെന്ന് മനസിലാവുന്നില്ല’, സിദ്ധാര്‍ത്ഥ് പറയുന്നു.

പക്ഷേ ഈ സിനിമ എല്ലാ വിഭാഗത്തിലെയും ആളുകളെ ആകര്‍ഷിക്കുന്ന കഥയാണ്. എന്നിട്ടും വ്യത്യസ്തമായ ഴോണര്‍ ആയിട്ടും സാധാരണക്കാര്‍ക്ക് ഇത്തരം സിനിമകളോട് മടിയുണ്ടെന്നും സംവിധായകന്‍ പറയുന്നു.

സിനിമയുടെ ഓപ്പണിങ്ങ് കളക്ഷന്‍ ഇത്ര കുറയാന്‍ കാരണം എന്തായിരിക്കും എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സംവിധായകന്റെ വിശദീകരണം. പരാമര്‍ശം വിവാദമായതോടെ താരത്തിനെതിരെ വന്‍ വിമര്‍ശനം നിറയുന്നുണ്ട്.