
തീയറ്ററിൽ ആളെ നിറയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒടിടിയിൽ റിലീസ് ചെയ്ത ഫഹദ് ചിത്രം ആവേശത്തിന് മികച്ച പ്രതികരണം. ഫഹദ് ചെയ്തത് പോലെ രംഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ ഇന്ത്യയിൽ മറ്റൊരു നടനും സാധിക്കില്ലെന്നാണ് പ്രതികരണങ്ങൾ വരുന്നത്. ‘പണ്ട് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു. ഇന്ന് ബിഗ് സ്ക്രീനിൽ ഫാഫയുടെ പകർന്നാട്ടം. ഇത് രംഗണ്ണൻ യുഗം’, എന്നാണ് മറ്റൊരാൾ കുറിച്ചു.

“നമ്മളൊരിക്കലും ചിന്തിക്കാത്ത ഗ്യാങ്സ്റ്ററിനെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ഫഹദ് കസറിത്തെളിഞ്ഞിട്ടുണ്ട്. സംവിധായകൻ അദ്ദേഹത്തെ അഴിച്ച് വിട്ടെന്ന് ഉറപ്പാണ്. റിപ്പീറ്റ് വാല്യു ഉള്ള പക്കാ ഗ്യാങ്സ്റ്റർ കോമഡി ഇമോഷണൽ ഡ്രാമയാണ് ആവേശം”, എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.
കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.











