ആനന്ദേട്ടനെ പോലെ ക്ഷമാശീലമുള്ള മനുഷ്യനെ കണ്ടിട്ടില്ല!! ഗുരുവായൂരമ്പലനടയില്‍ റിലീസ് ടീസര്‍

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രം നാളെ തിയ്യേറ്ററിലെത്താനിരിക്കുകയാണ്. നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, മനോജ് കെയു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

തിയ്യേറ്ററിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്റെ റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബേസിലും അനശ്വരയും പൃഥിയുമെല്ലാം ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. രചന ദീപു പ്രദീപ്, ഛായാഗ്രഹണം നീരജ് രവി, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ചിത്രത്തിലൂടെ അജു വര്‍ഗീസ് പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ്. അജു വര്‍ഗീസ് ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം പകര്‍ന്നത്. ‘കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ…’ എന്ന ഗാനമാണ് അജുവിന്റെ ശബ്ദത്തിലെത്തിയിരിക്കുന്നത്.