
ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സിനിമാ സെറ്റുകളും ശ്രദ്ധേയമായിരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വരിക്കാശ്ശേരി മനയെ കൊടുണ്‍പോറ്റിയുടെ ഇല്ലമാക്കി മാറ്റിയത്. ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു മനയെ മാറ്റിയത്. അതുപോലയാണ് പെരുമ്പാവൂരില്‍ സെറ്റിട്ട ഗുണ കേവും പ്രേക്ഷകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു സെറ്റും കൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
‘ഗുരുവായൂരമ്പലനടയില്‍’ സെറ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലമാണെന്ന് കരുതി സിനിമ സെറ്റില്‍ പ്രാര്‍ത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വിപിന്‍ദാസ്. ‘ഗുരുവായൂരമ്പലനടയില്‍ സ്ഥിരമുള്ള കാഴ്ചകളില്‍ ഒന്ന് എല്ലാ ക്രെഡിറ്റും ആര്‍ട് ഡയറക്ടര്‍ സുനിലേട്ടനുള്ളതാണ്’ എന്ന തലക്കെട്ടോടെയാണ് വിപിന്‍ ദാസ് വീഡിയോ പങ്കുവച്ചത്. സിനിമാ ചിത്രീകരണത്തിനായി ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റിട്ടിരുന്നു. അത് കണ്ട് യഥാര്‍ത്ഥ ക്ഷേത്രമാണെന്ന് ധരിച്ചായിരുന്നു സ്ത്രീ തൊഴുത് പ്രാര്‍ത്ഥിക്കുന്നത്.

കലാസംവിധായകന്‍ സുനില്‍ കുമാറാണ് യഥാര്‍ത്ഥ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സെറ്റ് ഒരുക്കിയത്. വിപിന്‍ ദാസ് പങ്കുവച്ച് വീഡിയോ വൈറലായതോടെചിത്രത്തിന്റെ സെറ്റിനെ കുറിച്ചുള്ള ചര്‍ച്ചകളും നിറയുകയാണ്. കയ്‌പ്പോള, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകനാണ് സുനില്‍. മൂന്നരക്കോടിയാണ് സെറ്റിനായി മുടക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ കൂടിയാണിത്.

ചിത്രത്തിന് തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഒരു കല്യാണത്തെ ചുറ്റിപ്പറ്റി ഉണ്ടാവുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ള രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ 4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.











