ഇന്ത്യന്‍ പൗരത്വം ലഭിച്ചു…ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ച് അക്ഷയ് കുമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ സെലിബ്രിറ്റി മണ്ഡലങ്ങള്‍ ഉള്‍പ്പട്ട മഹാരാഷ്ട്രയും ഉള്‍പ്പെട്ടിരുന്നു. നിരവധി ബോളിവുഡ് താരങ്ങളാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതില്‍ ബോളിവുഡ് താരം അക്ഷയ് കുമാറും വോട്ട് രേഖപ്പെടുത്തി. ഇന്ത്യന്‍ പൗരത്വം തിരിച്ചുകിട്ടിയ ശേഷമുള്ള താരത്തിന്റെ ആദ്യ വോട്ടായിരുന്നു.

മുംബൈയിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വികസിതവും ശക്തവുമായ ഇന്ത്യയ്ക്ക് വേണ്ടിയാണ് താന്‍ വോട്ട് ചെയ്തതെന്ന് അക്ഷയ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം തിരികെ ലഭിച്ചത്.

‘എന്റെ ഇന്ത്യ വികസിതവും ശക്തവും ആകണമെന്നാണ് ആഗ്രഹിക്കുന്നത്. വോട്ട് ചെയ്യുമ്പോള്‍ മനസ്സില്‍ അതായിരുന്നു. എന്താണ് ശരിയെന്ന് തോന്നുന്നത് അതിനനുസരിച്ചാണ് ഓരോരുത്തതും വോട്ട് ചെയ്യേണ്ടത്. ഇത്തവണ വോട്ട് ചെയ്യുന്നവരുടെ എണ്ണം മികച്ചതായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’- അക്ഷയ് കുമാര്‍ പറഞ്ഞു.


അക്ഷയ് കുമാര്‍ 1990കളിലാണ് കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. പിന്നാലെ വലിയ വിമര്‍ശനമാണ് താരം നേരിട്ടത്. സിനിമകള്‍ പരാജയപ്പെട്ടതുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ടാണ് കാനഡിലേക്ക് മാറിയതെന്നും താരം വെളിപ്പെടുത്തിയിരുന്നു. 2019ലാണ് താരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്.