
അബുദാബിയിലെ ഹിന്ദുക്ഷേത്രമായ ബാപ്സ് മന്ദിറിൽ ദർശനം നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. താരം ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ബാപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്ര മാനേജ്മെന്റ് രജനികാന്തിനായി സ്വീകരണവും ഒരുക്കിയിരുന്നു.
ക്ഷേത്രത്തിന്റെ പ്രധാന്യത്തെ കുറിച്ച് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ വിശദീകരിക്കുന്ന വീഡിയോയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിച്ചതിന് പിന്നാലെയാണ് താരം ക്ഷേത്ര ദർശനത്തിനായി എത്തിയത്. ഗോൾഡൻ വിസ ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ രജനികാന്ത് അറിയിക്കുകയായിരുന്നു. വിസ ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് താരം എക്സിൽ കുറിച്ചു. വിസ അനുവദിച്ചതിന് അബുദാബി സർക്കാരിനും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.











