
നടന്‍ ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്‌സിന്റെ പ്രൊമോഷനിടെയായിരുന്നു ഷെയിനിന്റെ ഭാഗത്തുനിന്നും അധിക്ഷേപ പരാമര്‍ശമാണ് വിവാദമായത്. ദുബായില്‍ വച്ചാണ് താരം പരസ്യമായി മാപ്പ് പറഞ്ഞത്. തമാശയായി പറഞ്ഞതാണ്, ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന്‍ വ്യക്തമാക്കി.

‘തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാന്‍സിനെയും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നു’. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താരം പറഞ്ഞു. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അടിസ്ഥാനമില്ല. ആ ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ല. താന്‍ മട്ടാഞ്ചേരിയില്‍ കളിച്ചു വളര്‍ന്ന ആളാണെന്നും ഷെയ്ന്‍ വ്യക്തമാക്കി.











