സങ്കല്‍ദാന്‍-റിയാസി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരിക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ജമ്മു ആൻഡ് കശ്മീരിലെ റംബാൻ ജില്ലയിലെ സംഗൽദാനിനെ റിയാസിയുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലത്തിലൂടെയുള്ള സങ്കല്‍ദാന്‍-റിയാസി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വ്യാഴാഴ്ച വിജകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ജമ്മു കശ്മീരിലെ സങ്കല്‍ദാന്‍-റിയാസി റൂട്ടിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. യുഎസ്ബിആര്‍എല്ലിന്റെ ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. ടണല്‍ 1ന്റെ നിര്‍മ്മാണം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത് എന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തന്റെ എക്സ് അകൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ കൂടിയാണ് മന്ത്രി വിജയകരമായ ദൗത്യത്തെപ്പറ്റി കുറിക്കുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും എക്സ് അകൗണ്ടിൽ വിജയ ഗാഥ കുറിച്ചിട്ടുണ്ട്. ഈയൊരു പദ്ധതി പൂർത്തിയാകുമ്പോൾ രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നു പോകുക.

ഈ വർഷത്തെ 46 കിലോമീറ്റർ സങ്കൽദാൻ-റിയാസി ഭാഗത്തിൻ്റെ പൂർത്തീകരണം റിയാസിക്കും കത്രയ്ക്കും ഇടയിലുള്ള 17 കിലോമീറ്റർ ദൂരം മാത്രമേ ശേഷിക്കുന്നുള്ളൂ, വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈയൊരു നാഴികക്കല്ല് കശ്മീരിനും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾക്കുമിടയിൽ ഒരു റെയിൽവേ ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ഭൂമിശാസ്ത്രപരവും ഭൂപ്രകൃതിയും കാലാവസ്ഥാ പ്രതിബന്ധങ്ങളും ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികൾക്കിടയിൽ നിന്ന് കൊണ്ട് 1997-ൽ ആരംഭിച്ച ദീർഘകാല ശ്രമത്തിന്റെ ഫലം കൂടിയാണ് ഈ റെയിൽ പാത. ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിയ്ക്ക് കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കമാനാകൃതിയുള്ള പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്.കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം.

2017 നവംബറില്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിര്‍മാണ ചെലവ്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ശക്തിയേറിയ സ്ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാന്‍ സഹായകമായ സുരക്ഷാസംവിധാനവും പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഉദംപൂർ ശ്രീനഗര്‍ ബാരാമുള്ള റെയില്‍ ലിങ്ക് പൂര്‍ത്തിയാക്കുന്നതിലൂടെ ജമ്മുകശ്മീരിനെ രാജ്യത്തെ മറ്റ് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ ഉയരമുണ്ട് ജമ്മു കശ്മീര്‍ താഴ്‌വരയിലെ ചെനാബ് പാലത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ 1.3 കിലോമീറ്റർ നീളമുള്ള ചെനാബ് റെയിൽ പാലം പദ്ധതിയുടെ സുപ്രധാന ഘടകമാണ്. ഈ ഉയരം പാരീസിലെ ഐക്കണിക് ഈഫൽ ടവറിനെ 35 മീറ്റർ മറികടക്കുന്നു.

ഇതിനു പുറമെ ജമ്മു കശ്മീർ ഭരണകൂടം ചെനാബ് പാലം ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ, കന്യാകുമാരി മുതൽ കത്ര വരെയുള്ള റെയിൽവേ ലൈനിലാണ് ഈയൊരു സർവീസ് പ്രവർത്തിക്കുന്നത്, അതേസമയം ബാരാമുള്ളയിൽ നിന്ന് കശ്മീർ താഴ്‌വരയിലെ സങ്കൽദനിലേക്കും സർവീസ് നടത്തുന്നുണ്ട്. അതേസമയം ഇത് രണ്ടാം വട്ടമാണ് കേന്ദ്ര റെയില്‍വേമന്ത്രിയായി അശ്വിനി വൈഷ്ണവ് ചുമതലയേല്‍ക്കുന്നത്. റെയില്‍വേ കൂടാതെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം വഹിക്കും. ഇന്ത്യയുടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രണ്ട് മാസത്തിനുള്ളില്‍ ട്രാക്കിലിറങ്ങുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ബോഡി ഓസ്റ്റെനിറ്റിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഇഎംഎല്‍ രൂപകല്‍പ്പന ചെയ്ത വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് അവയുടെ രൂപകല്‍പ്പനയിലും കാര്യക്ഷമതയിലുമാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.