‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ ‘ഗഗനചാരി’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയാണ് ഗഗനചാരി ടീമിന്റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത് എന്നതാണ് ശ്രദ്ധേയമാകുന്നത്.

‘ഗഗനചാരി സിനിമാറ്റിക് യൂണിവേഴ്സി’ന്റെ പുതിയ ചിത്രം ‘മണിയന്‍ ചിറ്റപ്പന്‍’ ആണ്. ഗഗനചാരിയുടെ സ്പിന്‍ ഓഫ് ആയിട്ടാണ് മണിയന്‍ ചിറ്റപ്പന്‍ എത്തുന്നത്. ‘ഗഗനചാരി’ സിനിമയില്‍ മണിയന്‍ ചിറ്റപ്പന്‍ എന്നൊരു കോമിക് ബുക്ക് കാണിക്കുന്നുണ്ട്. മനു അങ്കിളിനേയും റിക്കെആന്‍ഡ് മോര്‍ട്ടിയേയും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു ക്രേസി സയന്റിസ്റ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഗഗനചാരിയുടെ സംഗീതം ഒരുക്കിയ ശങ്കര്‍ ശര്‍മ്മ തന്നെയാണ് മണിയന്‍ ചിറ്റപ്പന്റേയും മ്യൂസിക് ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിര്‍മ്മിക്കുന്നത്.’ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സതുര്‍ജിത്ത് എസ് പൈ ആണ് ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്്.