
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിലെ പുതിയ ട്വിസ്റ്റിൽ ഞെട്ടി നാട്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീന വെളിപ്പെടുത്തിയതോടെ സംഭവം വലിയ ചർച്ചയായിരിക്കുന്നത്. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായെന്നും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.
‘ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോൾ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്നാണ് സ്ഥിരീകരിച്ചത്. ക്രമാതീതമായ ഒരു ഭയമുണ്ടായിരുന്നത് കൊണ്ട് മേജർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ വ്യക്തമായ കാര്യം റഫർ ചെയ്ത നടപടി തെറ്റായിരുന്നു എന്നാണ്. ചിറ്റൂർ സ്ഥാപനത്തിലും ആന്റി സ്നേക് വെനം ഉണ്ടായിരുന്നു. ആ സാഹചര്യത്തിൽ അമ്മയെ പുറത്തേക്ക് വിടണ്ട സാഹചര്യമില്ലായിരുന്നു. അതെന്തുകൊണ്ടാണെന്നുള്ള കാര്യം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ. ജെ. റീന പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പുകടിച്ചതായി പരാതി ഉയർന്നത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.











