
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെതുടർന്ന് വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് റിപോർട്ടുകൾ. ഇതേ തുടർന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടുവെന്നും കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കും ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. ഈ സാഹചര്യത്തിൽ മഴ ശക്തമാകുന്ന ജില്ലകളിൽ മുന്നറിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതുകൊണ്ട് തന്നെ പൊതുജനങ്ങൾ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ കടൽക്ഷോഭത്തിന് സാദ്ധ്യതയു ള്ളതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടവ്മുണ്ടായി. കോട്ടയം വൈക്കം വെച്ചൂരിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് ആർ.ഒ ജംഗ്ഷന് സമീപം കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.











