
മുണ്ട് ധരിച്ചെത്തിയ കർഷകന് മാളിൽ പ്രവേശനം നിഷേധിച്ചത് വിവാദമാകുന്നു. ബംഗളൂരുവിലെ പ്രമുഖ ഷോപ്പിംഗ് മാളിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബംഗളൂരുവിലെ മഗഡി മെയിൻ റോഡിലെ ജിടി മാളിലാണ് 70-കാരനായ ഫക്കീരപ്പയ്ക്ക് പ്രവേശനം നിഷേധിച്ചത്. മകനൊടൊപ്പം മാളിലെ മൾട്ടിഫ്ലക്സ് തിയറ്ററിൽ സിനിമ കാണാൻ എത്തിയതായിരുന്നു ഫക്കീരപ്പ. ഫക്കീരപ്പയുടെ വേഷം കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
പാന്റ് ധരിച്ചെത്തിയാൽ പ്രവേശിപ്പിക്കാമെന്ന് സുരക്ഷാ സൂപ്പർ വൈസർ ഫക്കീരപ്പയോട് പറഞ്ഞു. മുണ്ട് മാറ്റാനാവില്ലെന്ന് വ്യക്തമാക്കി ഫക്കീരപ്പയും മകനും മാളിൽ നിന്ന് മടങ്ങുകയായിരുന്നു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്ന നിരക്ഷരനായ ഒരു കർഷകനാണ് താനെന്ന് ഫക്കീരപ്പ പിന്നീട് പ്രതികരിച്ചിരുന്നു.
തന്റെ അഞ്ച് കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. ഒരു മാൾ സന്ദർശിക്കാൻ വേണ്ടി മാത്രം തന്റെ സംസ്കാരവും വസ്ത്രധാരണ രീതിയും ഉപേക്ഷിച്ച് പാൻ്റ്‌സ് ധരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ആളുകൾക്ക് ചന്നെ നമ്മുടെ സ്വന്തം വസ്ത്രധാരണ രീതിയെയും സംസ്കാരത്തെയും കുറിച്ച് അപകർഷതാബോധം തോന്നുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.











