അർജുന്റെ ട്രക്ക് ​ഗം​ഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിൽ; ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ച് സൈന്യം

ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് ​ഗം​ഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉള്ളതെന്ന് ഉത്തര കന്നട എസ്പി നാരായണ. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് കർണാടക പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ തടസ്സപ്പെടുത്തരുതെന്നും എംഎഎൽ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങൾ കൈമാറാമെന്നും എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്.

ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ചുിട്ടുണ്ട്. ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അർജുനെ കണ്ടെത്തുന്നതിനാണെന്ന് സൈന്യം വ്യക്തമാക്കി. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ശ്രമിക്കും. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കും.

മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണെന്ന് സൈന്യം അറിയിച്ചു. അതിനും സ്കൂബാ ഡൈവേഴ്സ് താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിന് ശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. അതിനുള്ള അടിസ്ഥാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.