
ബിഗ് ബോസ് ആറാം സീസണിൽ കിരീടം നേടിയ താരമാണ് ജിന്റോ. തുടക്കം മുതൽ തന്നെ പ്രേക്ഷക പ്രീതി നേടി മിന്നുന്ന പ്രകടനമാണ് ജിന്റോ ബിഗ് ബോസിൽ കാഴ്ചവെച്ചത്. ഇപ്പോൾ തന്റെ വിവാഹം എപ്പോഴായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജിന്റോ. താൻ വിവാഹമോചിതനാണെന്ന കാര്യം നേരത്തെ ജിന്റോ തുറന്ന് പറഞ്ഞിരുന്നു.
ഒരാളോട് തനിക്ക് പ്രണയമുണ്ടെന്നും ഷോയിൽ ജിന്റോ പറഞ്ഞിരുന്നു. സെപ്റ്റംബറിൽ ആയിരിക്കും തന്റെ വിവാഹമെന്നാണ് ജിന്റോ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസിൽ നിന്നാണ് വധുവെന്നുള്ള കാര്യം പറഞ്ഞെങ്കിലും തീയതിയൊന്നും താരം അറിയിച്ചിട്ടില്ല. ഫാമിലി വീക്കിൽ അമേരിക്കയിലെ ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്നും മോതിരം കൈമാറിയെന്നും ജിന്റോയുടെ അമ്മ പറഞ്ഞത് ഷോ തുടരുന്ന സമയത്ത് ഏറെ ചർച്ചയായിരുന്നു.
വീട്ടിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോൾ അമ്മ പറയാറുണ്ട്, മോൻ തളരുത്, വീടിന്റെ വിളക്കാണെന്ന്. ഇപ്പോൾ ഞാൻ നാടിന്റെ വിളക്കായി. അതിൽ എനിക്ക് സന്തോഷിക്കാം. നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവർക്കും എന്റെ നന്ദിയുണ്ട്. എനിക്കൊപ്പം മത്സരിച്ച എല്ലാവർക്കും നന്ദി. അവരില്ലെങ്കിൽ ഇവിടെ നിൽക്കാൻ ഒരിക്കലും തനിക്ക് ആവില്ലായിരുന്നു – വിജയിയായ ശേഷം ജിന്റോ പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.











