
നടി അനശ്വര രാജനെ കുറിച്ചും കുടുംബത്തെപ്പറ്റിയുമൊക്കെ അമ്മ ഉഷ രാജൻ മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. അനശ്വരയുടെ പിതാവ് തങ്ങൾക്കൊപ്പം കൊച്ചിയിൽ താമസിക്കാൻ വരാത്തതിന്റെ കാരണവും മകളുടെ മോഡേൺ വസ്ത്ര ധാരണത്തെ കുറിച്ചുമെല്ലാം ഉഷ രാജൻ മനസ് തുറക്കുന്നു. അനു എന്നാണ് അനശ്വരയെ ‘അമ്മ ഉഷ വിളിക്കുന്നത്. അനുവിന്റെ മനസ് അധികമാരും കണ്ടിട്ടില്ല എന്നാണ് ഉഷ പറയുന്നത്. വളരെ അടുത്തവര്‍ക്ക് മാത്രമെ അവളെ അറിയൂ. അനുവാകട്ടെ അങ്ങനെ എല്ലാവരോടും കയറി അടുപ്പം സ്ഥാപിക്കുന്ന കൂട്ടത്തിലുമല്ല. പക്ഷെ അടുപ്പമുളളവരോട് മനസ് നിറയെ സ്‌നേഹമാണ് അനുവിന്. അന്നേരം എന്താണോ അതാണ് അനു. ദേഷ്യം വന്നാലും സങ്കടം വന്നാലും അപ്പോള്‍ പ്രതികരിക്കും. ഒന്നും മനസില്‍ വെച്ചു കൊണ്ടിരിക്കില്ല. വളഞ്ഞ ബുദ്ധി തീരെയില്ല. ആരെക്കുറിച്ചും അനു മോശം പറഞ്ഞ് കേട്ടിട്ടില്ല. തങ്ങളുടെ വീട്ടില്‍ എല്ലാവരും തന്നെ ഏറെക്കുറെ സമാന സ്വഭാവക്കാരാണ്. മറ്റുളളവരുടെ ഇഷ്ടങ്ങളിലോ സ്വാതന്ത്ര്യത്തിലോ ഒന്നും അനു ഇടപെടാറില്ല.

അനുവിന്റെ അച്ഛന്‍ രാജൻ സര്‍വീസില്‍ നിന്നും റിട്ടയറായപ്പോള്‍ എല്ലാവര്‍ക്കൂം കൂടി ഒരുമിച്ച് താമസിക്കാമെന്ന് കരുതിയാണ് കൊച്ചിയില്‍ ഫ്ലാറ്റ് എടുത്തത്. പക്ഷെ ആള്‍ക്ക് സിറ്റി ലൈഫിലൊന്നും താൽപര്യമില്ല. പ്രത്യേകിച്ച് ഫ്ലാറ്റ് ജീവിതം. അങ്ങനെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോയി എന്നും അവിടെ പാറിപറന്ന് നടക്കുന്നതിലാണ് അദ്ദേഹത്തിന്റെ സന്തോഷം എന്നും അച്ഛന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ എന്നായിരുന്നു അനുവിന്റെ നിലപാട് എന്നും ഉഷ പറയുന്നു. അസൂയാലുക്കളായ ചിലര്‍ അതിനും കഥകളുണ്ടാക്കി. അച്ഛനെ നാട്ടില്‍ തനിച്ചാക്കി അമ്മയും മക്കളും കൊച്ചിയില്‍ അടിച്ചു പൊളിച്ച് ജീവിക്കുകയാണ് എന്നൊക്കെ. സത്യത്തില്‍ അച്ഛനാണ് നാട്ടില്‍ അടിച്ചു പൊളിച്ച് ജീവിക്കുന്നത്. തങ്ങള്‍ ഷൂട്ടും ഉറക്കമിളപ്പും നിരന്തര യാത്രയും മറ്റുമായി കഷ്ടപ്പെടുകയാണ്. പക്ഷെ ആളുകള്‍ക്ക് ഇത് അറിയില്ലല്ലോ. അഭിനയമെന്ന് വെച്ചാല്‍ സുഖകരമായ ജോലിയാണെന്നാണ് പലരുടെയും ധാരണ. വെയിലും മഴയും മഞ്ഞും സഹിച്ച് രാപ്പകലില്ലാതെ ജോലി ചെയ്യണം. ഒരിക്കൽ നിങ്ങള്‍ക്ക് ഇവിടെ വന്ന് നിന്നു കൂടെ നിങ്ങളെന്തിനാണ് വെറുതെ തങ്ങളെ പഴി കേള്‍പ്പിക്കുന്നത് എന്ന് ഭർത്താവിനോട് താൻ ചോദിച്ചിരുന്നു എന്നും അപ്പോള്‍ നാട്ടുകാരുടെ ചിലവിലാണോ ജീവിക്കുന്നതെന്ന് അദ്ദേഹം തിരിച്ച് ചോദിക്കുമെന്നും ഉഷ പറയുന്നു.

നമ്മള്‍ നാട്ടുകാരുടെ ചിലവിലാണോ ജീവിക്കുന്നത് അല്ല തനിക്കിതാണ് ഇഷ്ടമെന്ന് അദ്ദേഹം പറയും. എന്നാൽ പക്ഷെ തങ്ങള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ഇതൊന്നുമറിയാതെ ആളുകള്‍ ചോദിക്കും. നിങ്ങളെന്താ രാജനെ കൊണ്ടു പോകാത്തതെന്ന്. ആള്‍ക്ക് ഇവിടെ ഫ്ലാറ്റിൽ അടച്ചിട്ട പോലെ ഇരിക്കാന്‍ ഇഷ്ടമില്ല. ജയിലില്‍ കിടക്കും പോലെയാണ് തോന്നുന്നതെന്നും ആകെ മടുപ്പാണെന്നും പറയും. പിന്നെ നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ. അതുപോലെ നമ്മള്‍ ഏത് വസ്ത്രം ധരിക്കണമെന്ന് പോലും തീരുമാനിക്കുന്നത് പലപ്പോഴും നാട്ടുകാരാണ് എന്നും ഉഷ പറയുന്നു. കുട്ടികളുടെ സന്തോഷത്തിനാണ് ഞാനും ഏട്ടനും മുന്‍തൂക്കം നല്‍കാറുളളത്. പതിനെട്ടാം പിറന്നാളിന് അനുവിന് ചേച്ചി കൊടുത്തതാണ് ആ വിവാദമായ വസ്ത്രം. ബന്ധുക്കളും നാട്ടുകാരുമെന്ന് വേണ്ട ചോദ്യശരങ്ങളുമായി നൂറുകണക്കിന് ആളുകളെത്തി. ഞാനും ഏട്ടനും ശരിക്കും എയറിലായിരുന്നു ദിവസങ്ങളോളം. വീട്ടില്‍ വന്ന ശേഷവും സ്വൈര്യമില്ല. ബന്ധുക്കളും നാട്ടുകാരും എല്ലാം വിളിച്ചു ചോദിക്കുകയാണ്. ഏതോ മഹാപരാധം ചെയ്ത മട്ടിലാണ് ചോദ്യം. അനു വിഷമിക്കുമോ എന്നതിലായിരുന്നു അപ്പോഴും തങ്ങള്‍ക്ക് സങ്കടം. അനു ആ ഡ്രസിട്ടതായിരുന്നില്ല തന്റെ പ്രശ്‌നം. ആളുകളുടെ പ്രതികരണമാണ് തങ്ങളെ വിഷമിപ്പിച്ചത്. നാട്ടില്‍ ആണ്‍കുട്ടികളുണ്ടെന്ന് കരുതി പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിച്ചൂടെ?.

ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ തന്റെ മനസിൽ അന്ന് വന്നിരുന്നു. അല്ലെങ്കിലും അനശ്വര രാജന്‍ അങ്ങനെയൊരു വസ്ത്രം ധരിച്ചത് ഒരു രാജ്യാന്തര പ്രശ്‌നം ഒന്നുമല്ലല്ലോ എന്നാണ് അനശ്വരയുടെ അമ്മയുടെ പ്രതികരണം. നേരിലേയും ഓസ്ലറിലേയും പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങൾ നിരവധി ലഭിക്കുന്ന യുവനടിയാണ് അനശ്വര രാജൻ. നായികമാരുടെ മുൻനിരയിലേക്ക് വൈകാതെ ഉയർന്ന് വരുമെന്നാണ് അനശ്വര രാജനെ കുറിച്ച് സിനിമാ പ്രേമികൾ പറയാറുള്ളത്. 2017ൽ ഫാന്റം പ്രവീൺ എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ബാലതാരമാണ് അനശ്വര രാജൻ. തന്റെ ആദ്യ സിനിമയായ ഉദാഹരണം സുജാതയിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി നടി മഞ്ജു വാര്യരുടെ മകളായി മികച്ച പ്രകടനമാണ് അനശ്വര രാജൻ കാഴ്ച വെച്ചത്. പിന്നീട് 2019ൽ തണ്ണീർ മത്തൻ ദിനങ്ങളിൽ കീർത്തിയായി അഭിനയിച്ച് വീണ്ടും മലയാളികളുടെ ഇഷ്ടം നേടിയെടുത്തു.











