
മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റായിരുന്നു കഴിഞ്ഞ ദിവസം. എല്ലാതവണത്തേയും പോലെ ഇത്തവണയും കേരളത്തിന് അവഗണന മാത്രമാണുള്ളത് . എന്നാൽ എൻഡിഎ സഖ്യകക്ഷികൾക്ക് വമ്പൻ പദ്ധിതികൾ ആണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത് . ബജറ്റ് പ്രസംഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന്റെ പേര് പരാമർശിച്ചില്ല എന്നത് കേരളത്തോടുള്ള ചിറ്റമ്മനയം വ്യക്തമാക്കുന്നു . ഇത്തവണയും എയിംസ് ഇല്ല. പ്രത്യേക പദ്ധതികളുമില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതുൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളും തള്ളി. കേരളത്തെ മാത്രമല്ല തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളെ കുറിച്ച് പരാമര്ശിക്കുകപോലും പോലും ചെയ്യാതെയാണ് ബിഹാറിലെയും ഒഡിഷയിലെയും ക്ഷേത്രങ്ങൾ മോടി കൂട്ടാനുള്ള പദ്ധതി പോലും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയത്.കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. വിഴിഞ്ഞത്തിനായി 5000 കോടി, എയിംസ് പ്രഖ്യാപനം, കെ റെയില്‍ പദ്ധതിക്ക് അനുമതി, റബ്ബറിന്‍റെ താങ്ങുവില, കോഴിക്കോട് വയനാട് തുരങ്കപാത എന്നിങ്ങനെയുള്ള പ്രതീക്ഷകളുമായാണ് കേരളം ഈ ബജറ്റിനെ നോക്കിക്കണ്ടത്. എന്നാൽ റെയിൽവെ, ദേശീയപാത വികസനത്തിനു പോലും കേന്ദ്ര സഹായമില്ല. കഴിഞ്ഞ 10 വർഷമായി കേരളത്തിനായി ഒരു പുതിയ പദ്ധതിയും നടപ്പാക്കിയിട്ടില്ല. മാത്രമല്ല, ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് ബിജെപിക്ക് എംപി ഉണ്ടായിട്ടും സംസ്ഥാനത്തിന് അതിന്റേതായ ഗുണവുമുണ്ടായില്ല.
വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായിരുന്ന എയിംസിനെപ്പറ്റി മലയാളികൾ ഇനി സ്വപ്നം പോലും കാണേണ്ട എന്ന് ഏതാണ്ട് ഉറപ്പ് ആയി . ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാക്കിയ ഘട്ടത്തിലാണ് കേന്ദ്രസർക്കാരിന്റെ ചില നീക്കങ്ങളും പ്രതികരണങ്ങളും പ്രതീക്ഷകളെ തകിടംമറിച്ചത്. വമ്പൻ പദ്ധതികളുടെ ഏറ്റവും വലിയ കടമ്പ സ്ഥലം ഏറ്റെടുക്കലാണ്. അതിൽ സംസ്ഥാന സർക്കാർ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു.കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ടീയ വിദ്വേഷമാണ് എയിംസിനെ മുൾമുനയിലാക്കുന്നത്. കിനാലൂരിൽ കെഎസ്ഐഡിസിയുടെ 150 ഏക്കർ ഏറ്റെടുത്ത് സാമൂഹികാഘാത പഠനമുൾപ്പെടെ നടത്തി എയിംസിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 40 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നടപടിയും അന്തിമഘട്ടത്തിലാണ്. അടുത്തിടെ പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷായോജന പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ 22 എയിംസുകൾക്ക് അംഗീകാരം നൽകിപ്പോഴും കേരളത്തെ തഴഞ്ഞു. മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയായി കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കിനാലൂർ പരിഗണിച്ചത്.
പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലും അനുകൂല നിലപാടാണുണ്ടായതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് സംസ്ഥാനത്ത് എയിംസ് പരിഗണനയിലില്ലെന്ന് കഴിഞ്ഞ കേന്ദ്രസർക്കാരിലെ കേന്ദ്ര കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പർവിൻ പവാർ അറിയിച്ചത്. കേരളത്തിൽ എയിംസ് ഉണ്ടാവുമെന്നും അത് കോഴിക്കോട്ട് ആയിരിക്കില്ലെന്നും കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിയും പ്രതികരിച്ചിട്ടുണ്ട്.കെഎസ്ഐഡിസിയുടെ കൈവശമുള്ള ഭൂമിക്കുപുറമെ താമരശേരി താലൂക്കിൽപ്പെട്ട കിനാലൂർ കാന്തലാട് വില്ലേജുകളിലെ 193 കുടുംബങ്ങളുടെയും ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെയും മസ്ജിദിന്റേതുമുൾപ്പെടെ 40.6802 ഹെക്ടറാണ് രണ്ടംഘട്ടമായി ഏറ്റെടുത്തത്. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട്ടുണ്ടാവില്ലെന്ന പ്രതികരണങ്ങൾ. പാലക്കാടും കാസർകോടും ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതായും പ്രചാരണമുണ്ടായി. സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമി വേണ്ടെന്നുവച്ച് എയിംസ് മറ്റൊരിടത്ത് സാധ്യമാകുന്നത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. അതേസമയം കോർപ്പറേറ്റ് നികുതിയിൽ വലിയ ഇളവാണ് കേന്ദ്രം ഇത്തവണത്തെ ബജറ്റിൽ വരുത്തിയിരിക്കുന്നത്. ബിജെപിയിൽ നിന്ന് കേരളത്തിനുണ്ടായ രണ്ട് മന്ത്രിമാരും, അവരുടെ ഇടപെടലുകളും ഒന്നും കേരളത്തെ സഹായിക്കാതിരുന്ന സാഹചര്യത്തിലാണ് കോർപറേറ്റുകൾക്ക് താങ്ങും തണലുമായി കേന്ദ്രം മാറിയത്. വിദേശ കോർപറേറ്റുകളെ വരെ സഹായിക്കുന്ന ഈ നടപടിയിൽ കേന്ദ്രത്തിനുള്ള താല്പര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി കാണേണ്ടതുണ്ട് . എന്തായാലും കേവലം രാഷ്ട്രീയ ഉന്നമനത്തിനായി കേന്ദ്രം നടത്തുന്ന ഒരു നീക്കം മാത്രമായേ ഇത്തവണത്തെ ബജറ്റിനെയും കാണാനാകൂ.











