
കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് കണ്ണൂർ നാടുകാണിയിൽ വരാൻ പോകുന്നത്. തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തയാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായി. തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നൽകാനുള്ള നിരാക്ഷേപ പത്രമാണ് നൽകിയത്.
റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും. കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവിക വനവൽക്കരണം നടത്തിയാണ് പാർക്കിന്റെ രൂപകൽപ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷൻ കോർപ്പറേഷനിലെ ജീവനക്കാരെ നിർദിഷ്ട പാർക്കിന്റെ ഭാഗമാകും. കണ്ണൂരിൽ ഈ സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ വടക്കൻ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകും എന്നാണ് മുഖ്യമന്തി പിണറായി വിജയൻ കുറിച്ചത്. അതേമസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മണ്ഡലമായ തളിപ്പറമ്പ് നാടുകാണിയിൽ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്ന അനിമൽ സഫാരി പാർക്കിനെതിരെ ആദ്യ ഘട്ടത്തിൽ തന്നെ പ്രതിഷേധം ശക്തമായിരുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന പ്രദേശത്താണ് പദ്ധതിയുമായി ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുന്നത് എന്നതായിരുന്നു പ്രതിഷേധത്തിന് കാരണമായത്. പദ്ധതിക്കെതിരെ യുഡിഎഫ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ശേഷം പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് ഘടകക്ഷികളിൽ ഒന്നായ സിപിഐയും മുന്നോട്ട് വന്നിരുന്നു. നാടുകാണിയിലെ സിപിഐ പ്രാദേശിക ഘടകമായിരുന്നു പ്രതിഷേധമറിയിച്ചത്. ഇതെലാം തള്ളിയാണ് നിലവിലെ മന്ത്രി സഭ പ്രഖ്യാപനം വന്നിരിക്കുന്നത്. നിലവിൽ തോട്ടത്തിന്‍റെ ഭാഗമായ തൊഴിലാളികൾക്ക് സഫാരി പാർക്കിൽ ജോലി ഉറപ്പാക്കി ഭൂമി കൈമാറ്റത്തിനുള്ള എതിർപ്പ് മറികടക്കുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത് എന്നും ആക്ഷേപമുണ്ട്. മാത്രമല്ല മൃഗശാല അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇവിടെ സഫാരി പാർക്കിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. മുന്നൂറോളം ഏക്കർ ഉള്ളതാണ് നാടുകാണിയിലെ തോട്ടം ഭൂമി. ഏതായാലും നിർമാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും കണ്ണൂർ നാടുകാണിയിൽ വരുന്നത്.











