മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: സീരിയൽ ക്യാമറാമാൻറെ മൃതദേഹം കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്കായുള്ള തെരച്ചിലും നടക്കുന്നുണ്ട്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്കുള്ള തെരച്ചിലും നടക്കുന്നുണ്ട്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരൽമല, അട്ടമല തുടങ്ങി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.