സഹോദരന്റെ ഭാര്യ വീട്ടുപണി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന സഹോദരിമാർ; കടുപ്പിച്ച് കോടതി, ഒരു വിട്ടുവീഴ്ചയുമില്ല

മുംബൈ: സഹോദരന്റെ ഭാര്യയുടെ സ്വകാര്യതയിലേക്ക് നിരന്തരമായി സഹോദരിമാർ അതിക്രമിച്ച് കയറുന്നുവെന്നുള്ള കേസിൽ നിർണായക നടപടിയുമായി മുംബൈ ഹൈക്കോടതി. ഇവർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. മുംബൈയിലെ ചെമ്പൂർ സ്വദേശിക്കും പിതാവിനും വിവാഹിതരായ മൂന്ന് സഹോദരിമാർക്കുമെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

വീട്ടുജോലികളും വീട് വൃത്തിയാക്കുന്നതടക്കമുള്ള നിത്യ ജീവിത വിഷയങ്ങളിൽ അടക്കം നിരന്തരമായി നിരീക്ഷിക്കുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നാണ് പ്രതികളുടെ സഹോദരന്റെ ഭാര്യയായ യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവെന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ ഭർത്താവ് നിർവഹിക്കുന്നില്ലെന്നുമാണ് യുവതി ആരോപിച്ചിരുന്നു.

നവവധു വീട് വൃത്തിയാക്കുന്നത് വീഡിയോ കോളിലൂടെയും മറ്റും ഭർത്താവിന്റെ സഹോദരിമാർ നിരീക്ഷിച്ചിരുന്നത് ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയാണെന്നാണ് ഹർജി പരി​ഗണിച്ച് ജസ്റ്റിസുമാരായ അജയ് ഗഡ്കരിയും നീല ഗോഖലെയും അടങ്ങുന്ന ബെഞ്ച് വിലയിരുത്തിയത്.

2021ലാണ് ചെമ്പൂർ സ്വദേശിയുമായുള്ള വിവാഹം നടക്കുന്നത്. ഭർതൃ സഹോദരിമാർ വിവാഹം ചെയ്ത് അവരുടെ ഭർതൃ വീടുകളിലാണ് താമസിക്കുന്നതെങ്കിലും ഇവർ നിരന്തരമായി യുവതിയുടെ നിത്യജീവിതത്തിൽ ഇടപെട്ടിരുന്നു. വിവാഹത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന വീട്ടുജോലിക്കാരിയെ ഇവർ പിരിച്ചുവിടുകയും ചെയ്തു. യുവതിയിൽ നിന്ന് ആഭരണം അടക്കമുള്ളവ ഊരിയെടുത്ത ശേഷം യുവതിയെ ഭർതൃസഹോദരിമാർ വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.